ജോലിക്ക് പോകാനിറങ്ങവേ വടിവാളുമായി ചാടിവീണ് അക്രമികൾ, പൊലിസ് സ്റ്റേഷനിലെത്തി കരാറുകാരൻ
കോട്ടയം: ചങ്ങനാശ്ശേരിയിൽ കരാറുകാരന് നേരെ ഗുണ്ടാ ആക്രമണം. പായിപ്പാട് സ്വദേശി എസ് പ്രസന്നകുമാറിനെയാണ് ഒരു സംഘം ആളുകൾ മാരക ആയുധങ്ങളുമായെത്തി ആക്രമിച്ചത്. പ്രസന്നകുമാറിന്‍റെ കാർ ആക്രമികൾ തല്ലിതകർത്തു. വീടിന് മുന്നിൽ വച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് പ്രസന്നകുമാർ പായിപ്പാട്ടെ വീട്ടിൽ നിന്ന് കാറിൽ ജോലി സ്ഥലത്തേക്ക് പോകാൻ ഇറങ്ങിയത്. വീടിന്‍റെ ഗേറ്റിന് മുന്നിൽ കാത്ത് നിന്ന അക്രമിസംഘം കാറ് കണ്ടയുടൻ വടിവാളടക്കമുള്ള ആയുധങ്ങളുമായി ചാടിവീണു. കാർ തല്ലിതകർത്തു. പക്ഷെ പ്രസന്നകുമാർ വാഹനം നിർത്തിയില്ല. ആക്രമികൾ കുറേ ദൂരം കാറിന് പിന്നാലെ ഓടി. അപ്രതീക്ഷിത ആക്രമണം കണ്ട് പേടിച്ച പ്രസന്നകുമാർ നേരെ പോയത് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലേക്കാണ്.
അക്രമികളെ പ്രസന്നകുമാറിന് പരിചയമില്ല. അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൽ പ്രതികാരം തീർക്കാൻ അയൽവാസി നൽകി ക്വട്ടേഷൻ എന്നാണ് പ്രസന്നകുമാർ പൊലീസിൽ നൽകിയ പരാതി. പുലർച്ചെ മുതൽ അക്രമി സംഘം പ്രസന്നകുമാറിന്‍റെ വീടിന് സമീപത്ത് ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.