പാതിരാത്രിയിൽ പൊടിമില്ലിൽ അഗ്നിബാധ, യന്ത്രസാമഗ്രികൾ കത്തിനശിച്ചു
പുതുക്കാട്(Puthukad): തൃശൂർ പുതുക്കാട് ദേശീയപാതയോരത്തെ പൊടി മിൽ കത്തിനശിച്ചു. മൂന്നു യൂണിറ്റ് അഗ്നിരക്ഷാസംഘം എത്തിയാണ് തീയണച്ചത്. അർധ രാത്രിയോടെയായിരുന്നു മില്ലിൽ തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേന ഒന്നരമണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതുക്കാട് സ്വദേശി താഴത്ത് രാജൻ്റെ ഫ്ളവർമില്ലിനാണ് തീപിടിച്ചത്. മില്ലിലുണ്ടായിരുന്ന യന്ത്രസാമഗ്രികൾ കത്തിനശിച്ചു. ഷോർട്ട്സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് പിന്നിലെ കാരണമെന്ന് സംശയിക്കുന്നത്. തൃശൂർ , പുതുക്കാട് , ചാലക്കുടി ഫയർസ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്.
മറ്റൊരു സംഭവത്തിൽ തിരുവല്ല പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപിടിത്തത്തിൽ ഉന്നതതല അന്വേഷണത്തിന് ഒരുങ്ങുകയാണ് എക്സൈസ്. ഗോഡൗൺ കത്തിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോർപ്പറേഷൻ നേരിട്ടിരിക്കുന്നത്. തൊട്ടടുത്ത ജവാൻ മദ്യ നിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കിയത്.
Highlights: Fire breaks out at powder mill in the middle of the night, machinery destroyed