Local

പിക്കപ്പ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ചു സൈക്കിളിന് മുകളിലേക്ക് വീണു; അക്കിക്കാവിൽ 10-ാംക്ലാസുകാരൻ മരിച്ചു

തൃശൂർ(Thrissur): അക്കിക്കാവിലുണ്ടായ വാഹനാപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ മെഹബൂബിന്റെ മകൻ അൽ ഫൗസാൻ ആണ് മരിച്ചത്. സൈക്കിളിൽ യാത്ര ചെയ്തിരുന്ന അക്കിക്കാവ് ടിഎംഎച്ച്എസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർതഥിയാണ് മരിച്ച ഫൗസാൻ. വ്യാഴാഴ്ച രാവിലെ പത്തരയോടെ അക്കിക്കാവ് ജംഗ്ഷനിലാണ് അപകടം നടന്നത്.

കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാൻ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണർ കാറിൽ ഇടിച്ചതിനുശേഷം സ്കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൽ ഫൗസാനെ നാട്ടുകാർ ഉടൻ തന്നെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ ഫൗസാൻ്റെ ഉപ്പ മെഹബൂബും, ഉമ്മ സുലൈഖയും അൻസാർ ആശുപത്രി ജീവനക്കാർ ആണ്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ കൊങ്ങണൂർ വന്നേരി വളപ്പിൽ സുലൈമാൻ അൻസാർ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Highlights: A pickup van and a car collided and fell on top of a bicycle; a 10th grader died in Akikavu

error: