ഉഷ്ണ തരംഗം: ഡൽഹിയിൽ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി(New Delhi): കനത്ത ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, പല പ്രദേശങ്ങളിലും പരമാവധി താപനില 45.5 ഡിഗ്രി സെൽഷ്യസായി ഉയർന്നിരിക്കുകയാണ്.
അടുത്ത രണ്ട് ദിവസങ്ങളിൽ തീവ്രമായ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനത്തിനിടയിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ജൂൺ 13, 14 തീയതികളിൽ പടിഞ്ഞാറൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉഷ്ണതരഗത്തിന് ആശ്വാസമുണ്ടാക്കും.
ഉച്ചയ്ക്ക് 2 മണിക്ക് പുറത്തിറക്കിയ ഐഎംഡിയുടെ കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച്, ഡൽഹി-എൻസിആറിൽ താപനില 44 ഡിഗ്രി സെൽഷ്യസിനും 46 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
സഫ്ദർജംഗിൽ 43.8 ഡിഗ്രി സെൽഷ്യസും അയനഗറിൽ 45.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവയുൾപ്പെടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ കടുത്ത ചൂട് ജൂൺ 12 വരെ തുടരുമെന്ന് ഐഎംഡിയിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. നരേഷ് കുമാർ പറഞ്ഞു.
കുട്ടികൾ, പ്രായമായവർ, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കാലവസ്ഥ വകുപ്പ് നിർദേശം നൽകി.
Highlights: Heat wave: Red alert declared again in Delhi