ഇന്ത്യയിൽ റോഡപകടങ്ങൾ വർധിക്കുന്നതിന് കാരണം തെറ്റായ പദ്ധതി റിപ്പോർട്ടുകളെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: രാജ്യത്ത് റോഡപകടങ്ങളും മരണങ്ങളും വർധിക്കുന്നതിന് കാരണം തെറ്റായ പദ്ധതി റിപ്പോർട്ടുകളും (ഡിപിആറുകൾ) സിവിൽ എഞ്ചിനീയർമാരും കൺസൾട്ടന്റുമാരും തയ്യാറാക്കിയ റോഡ് ഡിസൈനുകളുമാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുറ്റപ്പെടുത്തി.
ഗ്ലോബൽ റോഡ് ഇൻഫ്രാടെക് സമ്മിറ്റ് & എക്സ്പോ (GRIS) യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തേണ്ടതിന്റെ അടിയന്തര ആവശ്യകത ഗഡ്കരി എടുത്തുപറഞ്ഞു. പുതിയ സാങ്കേതികവിദ്യകളും സുസ്ഥിര പുനരുപയോഗിക്കാവുന്ന നിർമാണ വസ്തുക്കളും സ്വീകരിച്ച് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
റോഡിലെ സൈൻബോർഡ് സംവിധാനങ്ങൾ പോലുള്ള ചെറിയ കാര്യങ്ങൾ പോലും ഇന്ത്യയിൽ വളരെ മോശമാണ്. സ്പെയിൻ, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നമ്മൾ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മോശം ഗുണനിലവാരമുള്ള ഡിപിആറുകൾ ഇന്ത്യയിലാണ് നിർമിക്കുന്നതെന്നും മോശം ആസൂത്രണവും രൂപകൽപ്പനയും മൂലമുള്ള റോഡപകടങ്ങളുടെ എണ്ണത്തിലെ വർധനവിന് എഞ്ചിനീയർമാരാണ് പ്രധാന ഉത്തരവാദികളെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
2023 ൽ ഇന്ത്യയിൽ റോഡപകടങ്ങൾ മൂലം 1,80,000 മരണങ്ങൾ ഉണ്ടായതായി ഗഡ്കരി പറഞ്ഞു. റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകി, 2030 ആകുമ്പോഴേക്കും റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
റോഡ് ഡിസൈൻ, നിർമാണം, മാനേജ്മെന്റ് എന്നിവയുടെ എല്ലാ മേഖലകളിലും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, റോഡ് അപകടങ്ങൾ അപൂർവമായി മാറുകയും, ആത്യന്തികമായി മരണനിരക്ക് പൂജ്യം ആകുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കാണ് ഈ ഉച്ചകോടി നീങ്ങാൻ ശ്രമിക്കുന്നതെന്ന് ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ (ഐആർഎഫ്) സ്ഥാപക പ്രസിഡന്റ് കെ.കെ. കപില പറഞ്ഞു.