ബജറ്റ് ലോഗോയിലെ രൂപ ചിഹ്നം മാറ്റിയത് തമിഴ്‌നാട് സര്‍ക്കാരിന്റെ വിഘടനവാദത്തിനുള്ള പ്രോത്സാഹനം: നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി ( New Delhi): തമിഴ്‌നാട്ടിലെ ബജറ്റ് ലോഗോയിലെ രൂപ ചിഹ്നം മാറ്റിയ സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. പ്രാദേശികമായ അഭിമാനത്തെ മുന്‍നിര്‍ത്തി വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാരെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയപ്രകാരം ത്രിഭാഷാ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇന്നലെ (വ്യാഴാഴ്ച) ബജറ്റ് ലോഗോയില്‍ നിന്ന് രൂ എന്ന ചിഹ്നം മാറ്റിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
രൂപയുടെ ചിഹ്നം മാറ്റിസ്ഥാപിക്കുന്നത് അപകടകരമായ ഒരു മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും ഭാഷാ- പ്രാദേശിക വര്‍ഗീയതയ്ക്ക് ഉദാഹരണമാണിതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
തമിഴ്‌നാട് ബജറ്റ് ലോഗോയില്‍ നിന്ന് രൂപ ചിഹ്നം നീക്കിയത് ദേശീയ ഐക്യത്തോടുള്ള പ്രതിബദ്ധതയെ ദുര്‍ബലപ്പെടുത്തിയെന്നും 2010ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ രൂപ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചപ്പോള്‍ ഡി.എം.കെ അതിനെതിരെ പ്രതിഷേധിച്ചില്ലല്ലോയെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു.
വിരോധാഭാസമെന്നു പറയട്ടെ, മുന്‍ ഡി.എം.കെ എം.എല്‍.എ എന്‍ ധര്‍മലിംഗത്തിന്റെ മകന്‍ ടി.ഡി. ഉദയ കുമാറാണ് രൂപ ചിഹ്നം രൂപകല്‍പ്പന ചെയ്തത് . ഇപ്പോള്‍ അത് മായ്ച്ചുകളയുന്നതിലൂടെ, ഡി.എം.കെ ഒരു ദേശീയ ചിഹ്നത്തെ മാത്രമല്ല, ഒരു തമിഴ് യുവാവിന്റെ സൃഷ്ടിപരമായ സംഭാവനയെ പൂര്‍ണമായും അവഗണിക്കുകയാണ്,’ കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്തോനേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, സീഷെല്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ രൂപയോ അതിന് ‘തുല്യമായ/ഡെറിവേറ്റീവുകളോ’ ഔദ്യോഗികമായി അവരുടെ കറന്‍സി നാമമായി ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ രൂപയുടെ ഔദ്യോഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നിന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഒഴിവാക്കിയത്. പകരം തമിഴില്‍ രൂപയെ സൂചിപ്പിക്കുന്ന ‘രൂ’ എന്ന അക്ഷരമാണ് ബജറ്റ് ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്.
മാര്‍ച്ച് 14ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന് മുമ്പ് മുഖ്യമന്ത്രി സ്റ്റാലിന്‍ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലോഗോ മാറ്റിയിരിക്കുന്നത്. ദ്രാവീഡിയന്‍ മോഡല്‍, ടി.എന്‍ ബജറ്റ് 2025 എന്നീ ഹാഷ് ടാഗുകളോട് കൂടിയാണ് ടീസര്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിലുള്‍പ്പെടെ സംസ്ഥാനം ഉപയോഗിച്ചിരിക്കുന്നത് രൂപയുടെ ഔദ്യോഗിക ചിഹ്നം തന്നെയായിരുന്നു.
Content Highlight: Changing the rupee