National

സ്വർണ ബിസ്‌ക്കറ്റുമായി താൻ പിടിയിലായിട്ടില്ലെന്ന് നടി രന്യ റാവു; നിർബന്ധിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചു

ബംഗ്ളൂരു : വിമാനത്താവളത്തിൽ വെച്ച് സ്വർണ ബിസ്‌ക്കറ്റുമായി താൻ പിടിയിലായിട്ടില്ലെന്ന് നടി രന്യ റാവു. ജയിലിൽ നിന്ന് റവന്യു ഇന്റലിജൻസ് മേധാവിക്ക് എഴുതിയ കത്തിലാണ് രന്യയുടെ വെളിപ്പെടുത്തൽ. ഡൽഹിയിൽ നിന്നുള്ള ഒരു യാത്രക്കാരനെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ തന്നെ കരുവാക്കുകയായിരുന്നു എന്നും രന്യ പറയുന്നു. വിമാനത്താവളത്തിൽ നിന്ന് ഒന്നും പറയാതെ ഉദ്യോഗസ്ഥർ തന്നെ പിടിച്ചു കൊണ്ടുപോയി എന്നും വളർത്തച്ഛനും ഡിജിപിയുമായ രാമചന്ദ്ര റാവുവിനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാല്പതോളം കടലാസുകളിൽ ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നും രന്യ കത്തിൽ വെളിപ്പെടുത്തുന്നു.

വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആർഐ) ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും പട്ടിണിക്കിട്ടതായും രന്യ റാവു പറയുന്നു.

കോടതിയില്‍ ഹാജരാക്കുന്നതുവരെ, തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ ശാരീരികമായി ആക്രമിച്ചു. പതിനഞ്ചോളം തവണ അടിച്ചു എന്നും രന്യ പറയുന്നു. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ കഴിഞ്ഞ മാർച്ച് ആറാം തീയതി എഴുതിയ കത്താണ് അഭിഭാഷകൻ മുഖേന പ്രതി പുറത്തു വിട്ടത്.

എന്നാൽ കത്തിൽ വിശദീകരിക്കുന്ന കാര്യങ്ങളൊന്നും നടി ജാമ്യാപേക്ഷയിൽ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നടിക്ക്‌ അന്താരാഷ്ട്ര സ്വർണ കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന ഡിആർഐ വാദം അംഗീകരിച്ച് സാമ്പത്തിക കുറ്റ കൃത്യങ്ങളുടെ കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു .

error: