എംബിഎ വിദ്യാർഥിനിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബംഗളുരു(Bengaluru): 24കാരിയായ എംബിഎ വിദ്യാർഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന യുവതിയെയാണ് പേയിങ് ഗസ്റ്റായി താമസിക്കുന്ന മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ബെലഗാവിയിലെ നെഹ്റു നഗറിലായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വിശദ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. മരിച്ച വിദ്യാർഥിനിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് ബെലഗാവി പൊലീസ് കമ്മീഷണർ പറഞ്ഞു.
മുറിയിൽ പരിശോധന നടത്തിയ പൊലീസ് സംഘം ഏഴ് വസ്തുക്കൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവയുടെ ഫലം അന്വേഷണത്തിൽ നിർണായകമായിരിക്കുമെന്നും കമ്മീഷണർ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് യുവതി ജോലി അന്വേഷിച്ച് ബെലഗാവിയിലെത്തിയത്. പിന്നീട് ഒരു പ്രമുഖ കമ്പനിയിൽ ഇന്റേൺഷിപ്പ് അവസരം ലഭിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതി ഒരു റൂംമേറ്റിനോട് കുറച്ച് നേരം സംസാരിക്കുകയും തുടർന്ന് മുറിയിലേക്ക് നടന്നുപോവുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
പിന്നീട് വൈകുന്നേരം മുറിയ്ക്കുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മുറിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു.
Highlights: MBA student found hanging at her residence.