National

ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപന തടഞ്ഞ് യോഗി സര്‍ക്കാര്‍; അറവുശാലകള്‍ അടയ്ക്കാന്‍ നിര്‍ദേശം

ന്യൂഡൽഹി(New Delhi): നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപനയും അനധികൃത അറവുശാലകളുടെ പ്രവർത്തനവും ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ജില്ലാ മജിസ്ട്രേറ്റുമാർ, പൊലീസ് കമ്മിഷണർമാർ, മുനിസിപ്പൽ കമ്മിഷണർമാർ എന്നിവർക്കു നിയമം കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏപ്രിൽ 6-ന് രാമനവമി ദിനത്തിൽ സംസ്ഥാനത്തുടനീളം മത്സ്യവും മാംസവുമടക്കം എല്ലാ മാംസാഹാര വിൽപ്പനയും നിരോധിച്ചു. നിരോധനം ലംഘിക്കുന്നവർക്കെതിരെ ഉത്തർപ്രദേശ് മുനിസിപ്പൽ കോർപ്പറേഷൻ ആക്ട്, ഫുഡ് സേഫ്റ്റി ആക്ട് എന്നിവ പ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 500 മീറ്റർ പരിധിയിൽ മാംസ, മത്സ്യ വിൽപ്പന നിരോധിച്ചിരിക്കുന്നതിനൊപ്പം അനധികൃത അറവുശാലകൾ അടച്ചുപൂട്ടാനും തുറസ്സായ സ്ഥലങ്ങളിൽ മാംസ വിൽപ്പന അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയന്ത്രണ പരിധിക്ക് പുറത്ത് അനുമതി ലഭിച്ച കടകൾക്ക് മാത്രം പ്രവർത്തനാനുമതി ഉണ്ടാകും. ഈ നടപടികൾ സംസ്ഥാനത്ത് വലിയ ചർച്ചകൾക്കും പ്രതികരണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

Highlights: Uttar Pradesh Imposes Meat Ban Near Religious Sites During Navaratri

error: