National

ലഖ്‌നൗവിലെ ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം; 200 രോഗികളെ ഒഴിപ്പിച്ചു

ലഖ്‌നൗ(Lucknow): ലഖ്‌നൗവിലെ ലോക് ബന്ധു രാജ് നാരായൺ ആശുപത്രിയിൽ വൻ തീപിടുത്തം. വനിതാ വാർഡിന് സമീപമുള്ള ഐ.സി.യു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രിയുണ്ടായ തീപിടുത്തം രോഗികളിലും അവരുടെ കൂട്ടിരിപ്പുകാരിലും പരിഭ്രാന്തി പരത്തി.

തീപിടിത്തത്തിന് പിന്നാലെ ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചു. ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തിൽ പുക നിറഞ്ഞു. ആദ്യം തീപിടിച്ച നിലയിൽ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികൾ കൂടുതൽ പരിഭ്രാന്തരായി. പുക ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ രോഗികളെ മാറ്റാനുള്ള ശ്രമം തുടങ്ങിയിരുന്നു.സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദമായ റിപ്പോർട്ട് തേടി. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സംഭവ സ്ഥലത്തെത്തുകയും അന്വേഷിക്കുകയും ചെയ്തു. ഏകദേശം 200 രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ഇവരെ കെ.ജി.എം.യു, ലോഹ്യ , ബൽറാംപൂർ, സിവിൽ ആശുപത്രി എന്നിവയുൾപ്പെടെയുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം സ്ഥിരീകരിച്ചു.

എല്ലാ രോഗികളെയും അഗ്നിശമന സേനാംഗങ്ങൾ ഒഴിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജിയും സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് സംശയിക്കുന്നത്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രണ്ടാം നിലയിൽ പുക നിറഞ്ഞത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമാക്കിയെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. എ.എസ്. ത്രിപാഠി പറഞ്ഞു.

രാത്രി 10 മണിയോടെയാണ് കൃഷ്ണ നഗർ പൊലീസിന് വിവരം ലഭിച്ചത്. അവർ ഉടൻ തന്നെ സ്ഥലത്തെത്തി. ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് രോഗികളെ പുറത്തെത്തിച്ചു. കൂടുതൽ ചികിത്സയ്ക്കായി അവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്,’ ഡി.സി.പി പറഞ്ഞു.

Highlights: Massive fire at Lucknow’s Lok Bandhu Hospital, 200 patients evacuated

error: