ഹരിയാനയിലെ ഭൂമിയിടപാട് കേസ്; റോബര്‍ട്ട് വാദ്ര ഇ ഡി ഓഫീസില്‍ ഹാജരായി
ന്യൂഡല്‍ഹി(New Delhi): ഹരിയാനയിലെ ഭൂമിയിടപാട് കേസില്‍ വ്യവസായിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പങ്കാളിയുമായ റോബര്‍ട്ട് വാദ്ര ഇഡിക്കു മുന്നില്‍ ഹാജരായി. ഇ ഡിയുടെ ഡല്‍ഹി ഓഫീസിലാണ് വാദ്ര ഹാജരായത്.
കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്. ‘ഞാന്‍ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമ്പോഴെല്ലാം അവര്‍ എന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. അവര്‍ക്ക് എന്നോട് എന്തുവേണമെങ്കിലും ചോദിക്കാം. ഞാന്‍ അതിന് ഉത്തരം നല്‍കും’, റോബര്‍ട്ട് വാദ്ര മാധ്യമങ്ങളോട് പറഞ്ഞു. ഇ ഡി ഓഫീസിലേക്കുളള യാത്രക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2008-ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയില്‍ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഭൂമി വാങ്ങിയതിനു പിന്നാലെ അദ്ദേഹത്തിന് ഹൗസിംഗ് സൊസൈറ്റി വികസിപ്പിക്കാനുളള അനുമതി ലഭിച്ചു. ഇതോടെ ഭൂമിയുടെ വില കുതിച്ചുയര്‍ന്നു. ഇതോടെ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരായ ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് വാദ്ര ഈ ഭൂമി വിറ്റു. ഈ സമയത്ത് കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍.
ഭൂപീന്ദര്‍ ഹൂഡയായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരില്‍ നിന്ന് ഭൂമി മോഷ്ടിച്ചാണ് കോണ്‍ഗ്രസ് വാദ്രയ്ക്ക് ഭൂമി നല്‍കിയതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ റോബര്‍ട്ട് വാദ്രയ്ക്ക് ഒരു ഇഞ്ച് ഭൂമി പോലും കോണ്‍ഗ്രസ് നല്‍കിയിട്ടില്ലെന്ന് താന്‍ വെല്ലുവിളിക്കുകയാണെന്നും വാദ്രയ്ക്ക് ഭൂമി നല്‍കിയതായി ബിജെപി തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നുമാണ് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞത്.
Highlights: Robert vadra arrived at ed office for questioning in hariyana land money laundering case