അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണം; കേന്ദ്രത്തിനും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി (New Delhi ) : ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് പരിഹരിക്കാന്‍ കേന്ദ്രം നിയമപരമായി കാര്യങ്ങള്‍ ചെയ്യണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സമൂഹമാധ്യമങ്ങളിലും അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം.
പത്രപ്രവര്‍ത്തകനും മുന്‍ വിവരാവകാശ കമ്മീഷണറുമായ ഉദയ് മഹൂര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.
അശ്ലീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിനും നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ആള്‍ട്ട് ബാലാജി, ഉല്ലു ഡിജിറ്റല്‍, മുബി തുടങ്ങിയ പ്ലാറ്റ് ഫോമുകള്‍ക്കും എക്സ് കോര്‍പ്പ്, ഗൂഗിള്‍, മെറ്റാ ഇങ്ക്, ആപ്പിള്‍ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ ഉള്ളടക്കം പ്രചരിക്കുന്നുവെന്നും ഹരജിക്കാര്‍ വാദിച്ചു. യാതൊരു വിധ പരിശോധനയുമില്ലാതെയാണ് അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫലപ്രദമായ മേല്‍നോട്ടമില്ലാത്തത് ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ അനാരോഗ്യപരവും വികൃതവുമായ ഉള്ളടങ്ങള്‍ പ്രചരിക്കുന്നതിന് കാരണമാവുമെന്നും ഇത് പ്രത്യേകിച്ചും യുവാക്കളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഹരജിക്കാര്‍ വാദിച്ചു. ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങളുണ്ടാവാന്‍ കാരണമാകുമെന്നും ഹരജിയില്‍ പറയുന്നു.
ചില പതിവ് പരിപാടികളില്‍ പോലും ആക്ഷേപകരമായ ഉള്ളടക്കവും പ്രത്യക്ഷപ്പെടുന്നുവെന്നും വികൃതമാണെന്നും രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ചിരുന്ന് കാണാന്‍ കഴിയാത്ത ഉള്ളടക്കങ്ങളാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മോത്തയും പറഞ്ഞു.
എന്തെങ്കിലും ചെയ്യണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും ചിലത് ആലോചനയിലാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.
Highlights: Supreme Court issues notice to Centre and OTT platforms, asks them to regulate pornographic content