ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ; അതിര്‍ത്തിയിൽ വീണ്ടും പ്രകോപനം
ന്യൂഡൽഹി (New Delhi): പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കൊരുങ്ങുന്നുവെന്ന വിവരങ്ങള്‍ക്കിടെയും അതിര്‍ത്തിയിൽ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാൻ. ഉറി, കുപ്‍വാര, അഖ്നൂര്‍ മേഖലകളിൽ പാകിസ്ഥാൻ സൈന്യം വെടിവെയ്പ്പ് നടത്തി. ഇതിനിടെ, ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. സിന്ധു നദീജലം തടസപ്പെടുത്തിയാൽ ആക്രമണമായി കണക്കാക്കുമെന്നും ആദ്യം ആക്രമണം നടത്തുന്ന നയം ഇല്ലെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനിടെ, ഹാഫിസ് സെയിദ് അടക്കമുള്ള ഭീകരര്‍ക്ക് പാകിസ്ഥാൻ കനത്ത സുരക്ഷ ഒരുക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ, പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരുടെ എണ്ണത്തി വ്യക്തതായി. ആറുപേരെയാണ് ഇന്ത്യ തെരയുന്നത്. ഇതിൽ നാല് ഭീകരർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. മറ്റു രണ്ടുപേർ ജമ്മുവിൽ നിന്നുള്ളവരാണ്. ഈ ആറു ഭീകരർക്കായാണ് അനന്ത്നാഗ് മേഖലയിൽ പരിശോധന നടത്തുന്നത്.
ഇവർ ജമ്മുവിലേക്ക് കടക്കുന്നത് തടയാനാണ് ശ്രമം, ഇതിന്‍റെ ഭാഗമായിട്ടാണ് അനന്ത്നാഗ് മേഖല സൈന്യം വളഞ്ഞത്. 2024 ഒക്ടോബറിൽ നടന്ന സോനാമാര്‍ഗ് ടണൽ അറ്റാക്കിലും ഇതേ തീവ്രവാദി സംഘത്തിന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.