വിവാഹം പോക്സോ കേസിന് പരിഹാരമല്ല; മദ്രാസ് ഹൈക്കോടതി
ചെന്നൈ(Chennai): പോക്സോ കേസുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വിവാഹം പോക്സോ കേസിൽ പരിഹാരമല്ലെന്നും പോക്സോ കേസ് സമൂഹത്തിനെതിരെയുള്ള കുറ്റമാണെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഇരയെ വിവാഹം കഴിച്ചുവെന്ന പേരിൽ പ്രതിയെ വെറുതെ വിട്ടാൽ നിയമത്തിന്‍റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം ഊട്ടി സ്വദേശിയായ യുവാവിനെ വെറുതെ വിട്ട നീലഗിരി കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. സംഭവത്തിൽ യുവാവിന് 10 വർഷം തടവും 1000 രൂപ പിഴയും ഹൈക്കോടതി വിധിച്ചു. 17കാരിയെ യുവാവ് തട്ടികൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാൽ, അയൽക്കാരായ തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ പെൺകുട്ടി തന്നോടൊപ്പം വന്നതാണെന്നും യുവാവ് വാദിച്ചു.
തുടർന്ന് വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ ഇരുവരും വിവാഹിതരായെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിൽ അധികൃതരെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും പെൺകുട്ടിയെ നിയമപ്രകാരം സംരക്ഷിക്കാനല്ല യുവാവ് ശ്രമിച്ചതെന്നും കണ്ടെത്തിയാണ് നീലിഗിരി കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
Highlights: ‘Marriage is not a solution to a POCSO case’: Madras High Court.