കനത്ത മഴയും ഇടിമിന്നലും കാറ്റും; ഡല്‍ഹി വിമാനത്താവളത്തിലെ വ്യോമഗതാഗതം താറുമാറായി
ന്യൂഡല്‍ഹി(New Delhi): കനത്തമഴയും ഇടിമിന്നലും ശക്തമായ കാറ്റും ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ തങ്ങളുടെ ജീവനക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പുലര്‍ച്ചെ 5.20ന് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അറിയിച്ചു.
മോശം കാലാവസ്ഥ മൂലം വടക്കേന്ത്യയില്‍ മിക്കയിടത്തും വ്യോമഗതാഗതം താറുമാറായതായി എയര്‍ ഇന്ത്യയും വ്യക്തമാക്കി. അതേസമയം യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും എയര്‍ ഇന്ത്യ പുലര്‍ച്ചെ 5.51ന് എക്സില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളം. പ്രതിദിനം 1300 വിമാനങ്ങളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. വിമാനങ്ങളുടെ സമയമാറ്റത്തെക്കുറിച്ച് അറിയാന്‍ ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത മൂന്ന് ദിവസം കനത്ത മഴയും ഇടിമിന്നലും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദേശീയ തലസ്ഥാനത്ത് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Highlights: Heavy rain, thunderstorm and wind disrupt air traffic at Delhi airport