പണി ഇനിയും വരും ! പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും നിരോധിച്ച് ഇന്ത്യ
ന്യൂഡൽഹി (New Delhi)കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് വീണ്ടും ശക്തമായ തിരിച്ചടിയുമായി ഇന്ത്യ. പാകിസ്ഥാനിൽ നിന്ന് ഉത്ഭവിക്കുന്നതോ അവിടേക്ക് കയറ്റി അയക്കുന്നതോ ആയ എല്ലാ സാധനങ്ങളുടെയും ഇറക്കുമതി വ്യാപാരം അടിയന്തരമായി നിർത്തലാക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 2023 ലെ വിദേശ വ്യാപാര നയത്തിൽ (FTP) ഇതിനായുള്ള പ്രത്യേക വ്യവസ്ഥ കൂട്ടിച്ചേർത്തിട്ടുണ്ട്. ദേശീയ സുരക്ഷയും പൊതുനയവും കണക്കിലെടുത്താണ് ഈ കടുത്ത നടപടിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു.
ഈ നിരോധനത്തിൽ നിന്ന് ഏതെങ്കിലും ഉൽപ്പന്നങ്ങൾക്ക് ഇളവ് വേണമെങ്കിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രത്യേക അനുമതി നിർബന്ധമാണ്. “പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നിരോധനം” എന്ന തലക്കെട്ടോടെ എഫ്‌ടിപിയിൽ പുതിയൊരു വ്യവസ്ഥ ചേർത്തുകൊണ്ടാണ് ഈ സുപ്രധാന തീരുമാനം സർക്കാർ അറിയിച്ചത്. സ്വതന്ത്രമായി ഇറക്കുമതി ചെയ്യാവുന്നതോ അല്ലാത്തതോ ആയ എല്ലാ വസ്തുക്കൾക്കും ഈ നിരോധനം ബാധകമായിരിക്കും.
Highlights: India bans all imports from Pakistan