National

ജമ്മുവിൽ പാക് ആക്രമണം നടന്നത് പുലർച്ചെ; ഒമർ അബ്ദുള്ള റോഡ് മാർഗം ജമ്മുവിലേക്ക്, പൂഞ്ചിൽ വീണ്ടും പാക് ഷെല്ലിങ്

ന്യൂ ഡൽഹി (New Delhi): പുലര്‍ച്ചെ പാക് ആക്രമണ ശ്രമം നടന്ന ജമ്മുവിലേക്ക് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാവിലെയാണ് ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക് പുറപ്പെട്ടത്. ജമ്മു നഗരത്തിലെത്തി സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തും. ഇന്ന് പുലര്‍ച്ചെ നാലേകാലിനാണ് ജമ്മുവിൽ പാക് ആക്രമണം ഉണ്ടായത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണ ശ്രമത്തെ സൈന്യം ശക്തമായി നേരിട്ട് പരാജയപ്പെടുത്തി. ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനം ഉപേയാഗിച്ച് തകര്‍ത്തു.

സ്വാം ഡ്രോണുകളും ചീപ്പ് റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്‍റെ ആക്രമണശ്രമം. നീക്കത്തെ ശക്തമായി നേരിട്ട് പരാജയപ്പെടുത്തിയെന്ന് സേന അറിയിച്ചു. ജമ്മുവിൽ കനത്ത ജാഗ്രത തുടരുകയാണെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ആളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പാൽ വിതരണമടക്കമുള്ള കാര്യങ്ങളും സാധാരണ നിലയിലാണ്. നിലവിൽ ജമ്മുവിൽ മറ്റു ആക്രമണ ശ്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, പൂഞ്ച് മേഖലയിൽ വീണ്ടും പാക് ഷെല്ലാക്രമണം ഉണ്ടായി. പൂഞ്ചിലെ ഗ്രാമങ്ങളിലാണ് ഷെല്ലാക്രമണം നടന്നത്. ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. ഇതിനിടെ, പുലര്‍ച്ചെ അമൃത്സറിലും ആക്രമണ ശ്രമമുണ്ടായതായാണ് വിവരം. പുലര്‍ച്ചെ നഗരത്തിൽ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ജമ്മു മേഖലയിൽ രാത്രി 11ന് നുഴഞ്ഞുകയറ്റ ശ്രമവും പരാജയപ്പെടുത്തി. സാംബ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമമാണ് ജമ്മു ബിഎസ്‍എഫ് തടഞ്ഞത്.

Highlights:Pak attack in Jammu took place early morning; Omar Abdullah heads to Jammu by road, fresh shelling from Pakistan in Poonch.

error: