‘ജനാധിപത്യത്തെ ലക്ഷ്യംവെച്ച ആണവ മിസൈൽ’; ഉപരാഷ്ട്രപതിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി(NEW DELHI): ബില്ലുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികളെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകരിന്റെ പരാമർശത്തിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി രജിസ്ട്രാർ തള്ളി. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ നൽകിയ ഹർജിയിലാണ് നടപടി.
രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് ഹർജിയുടെ ആവശ്യം. രാജ്യം ഭരിക്കുന്ന ഭരണഘടനാപരമായ ഘടകങ്ങളിൽ ഒരാളായതുകൊണ്ടുതന്നെ ഉപരാഷ്ട്രപതിക്ക് പ്രത്യേക നിയമപരമായ സംരക്ഷണമുണ്ടെന്ന് രജിസ്ട്രാർ വ്യക്തമാക്കിയതിനാലാണ് ഹർജി തള്ളിയത്.
ധൻകർ നടത്തിയ പ്രസ്താവനകൾ ജനാധിപത്യത്തിന്റെ മാന്യതക്ക് ഭീഷണിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ബില്ലുകളിൽ തീരുമാനം എടുക്കുന്നതിൽ രാഷ്ട്രപതിക്കു കാലാവധി നിശ്ചയിക്കാമെന്ന് സുപ്രീം കോടതി വിലയിരുത്തിയ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി വിമർശനമുയർത്തിയത്.
ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് സുഭാഷ് തീക്കാടൻ കത്ത് നൽകുകയും ചെയ്തിരുന്നു. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടൻ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സുപ്രീം കോടതിക്കെതിരെ വിമർശനം കടുപ്പിച്ച് രംഗത്തെത്തിയത്. കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നടക്കം ധൻകർ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ധൻകർ വിമർശിച്ചിരുന്നു.
എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിർദേശം നൽകുന്നത്? രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ആളാണ് രാഷ്ട്രപതി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിർദേശം നൽകിയിരിക്കുകയാണ്. നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നടക്കമുള്ള ചോദ്യങ്ങളാണ് ഉപരാഷ്ട്രപതി ഉയർത്തിയത്.
പാർലമെന്റിന് മുകളിൽ ഒരു അധികാര സ്ഥാനവും ഇല്ലെന്നും, ജനങ്ങൾ തെരഞ്ഞെടുക്കുന്നവർക്കാണ് ഭരണഘടന സംരക്ഷിക്കാൻ ഉള്ള അവകാശമെന്നും ധൻകർ പറഞ്ഞിരുന്നു. ഭരണഘടന എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് പാർലമെന്റാണെന്നും തന്റെ വാക്കുകൾ രാജ്യതാൽപര്യം സംരക്ഷിക്കാനാണെന്നും ധൻകർ ന്യായീകരിച്ചിരുന്നു.
Highlights: ‘Nuclear missile targeting democracy’; Supreme Court dismisses petition against Vice President