വെടിനിര്‍ത്തലിന് പാകിസ്ഥാൻ മുന്നോട്ട് വന്നു; യുഎസ് ഇടപെട്ടില്ല, ഇന്ത്യയെ വിവരം അറിയിക്കാതെ ട്രംപിന്റെ പ്രഖ്യാപനം
ന്യൂഡല്‍ഹി(New Delhi): ഓപ്പറേഷന്‍ സിന്ദൂറിൽ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത് പാകിസ്ഥാനെ അറിയിച്ചത് ഡിജിഎംഒയെന്ന് (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വിദേശകാര്യ തലത്തിൽ ഒരു ആശയവിനിമയവും നടന്നിട്ടില്ല. സൈനിക സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാക്കിസ്ഥാനാണെന്നും വിക്രം മിസ്രി പറഞ്ഞു. ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുൻപാകെയാണ് വിക്രം മിസ്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വെടിനിര്‍ത്തല്‍ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ലഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്‌ലാലയിലെ തന്ത്രപ്രധാനമായ നൂര്‍ഖാന്‍ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്നും വിക്രം മിസ്രി കമ്മിറ്റിയെ അറിയിച്ചു.
വെടിനിർത്തലിൽ യുഎസ് ഇടപെട്ടിട്ടില്ലെന്നും വിക്രം മിസ്രി പറഞ്ഞു. ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത് ഇന്ത്യയുമായി ആലോചിച്ച് അല്ലെന്നും അദ്ദേഹം കമ്മിറ്റി മുൻപാകെ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായ വിവരം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
HIGHLIGHTS: Pakistan came forward for ceasefire; US did not intervene, Trump’s announcement was made without informing India