NationalPublic

ഇന്ത്യയില്‍ ആണവ റിയാക്ടറുകള്‍ നിര്‍മിക്കാനും രൂപകല്‍പന ചെയ്യാനും യുഎസ് കമ്പനിക്ക് അനുമതി

ന്യൂഡല്‍ഹി(New Delhi): അമേരിക്കന്‍ ആണവക്കമ്പനിയായ ഹോള്‍ടെക്ക് ഇന്റര്‍നാഷണലിന് ഇന്ത്യയില്‍ ആണവ റിയാക്ടറുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മിക്കാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുമതി. ഇന്ത്യയിലെ മൂന്ന് സ്വകാര്യ കമ്പനികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാന്‍ ഉറപ്പ് നല്‍കിയതോടെയാണ് ഹോള്‍ടെക് ഇന്റര്‍നാഷണല്‍ കമ്പനിക്ക് യുഎസ് ഊര്‍ജ വകുപ്പ് അനുമതി നല്‍കിയത്.

ഇന്ത്യയിലെ ആണവബാധ്യത നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് യുഎസ് കമ്പനിക്ക് ഇന്ത്യയിലേക്ക് വഴി തെളിച്ചത്. ഇതോടെ ഇന്ത്യയിലെ മൂന്ന് പ്രൈവറ്റ് കമ്പനികള്‍ക്ക് സ്‌മോള്‍ മോഡുലാര്‍ റിയാക്ടറുകളുടെ (എസ്എംആര്‍) ടെക്‌നോളജി കൈമാറാന്‍ ഹോള്‍ടെക്കിന് സാധിക്കും. ഈ കമ്പനികള്‍ എല്ലാം തന്നെ സമാധാന ആവശ്യങ്ങള്‍ക്ക് മാത്രമെ ആണവ സാങ്കേതിക വിദ്യ ഉപയോഗിക്കൂ എന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ യുഎസിന് നല്‍കിയതോടെയാണ് അനുമതി ലഭിച്ചത്.

ഇന്ത്യ-യുഎസ് സിവില്‍ ആണവ കരാറില്‍ ഒപ്പുവെച്ച് 20 വര്‍ഷങ്ങല്‍ക്ക് ശേഷമാണ് ഇത്തരം ഒരു നടപടി. നിലവില്‍ യുഎസ് ഊര്‍ജ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല.

നിയന്ത്രണങ്ങളോടെ ആണവ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം ഉണ്ടായത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ആണവമേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വലിയ ഭേദഗതി വരുത്തിയിരുന്നു.

ഹോള്‍ടെക് ഇന്റര്‍നാഷണലിന്റെ സഹകമ്പനിയായ ഹോള്‍ടെക് ഏഷ്യയാണ് അനുമതി കിട്ടിയ ഒരു കമ്പനി. ഇവര്‍ക്ക് പുറമെ ടാറ്റാ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സ് ലിമിറ്റഡിനും (ടിസിഇ) ലാര്‍സണ്‍ ആന്‍ഡ് ടുബ്രോ(എൽആന്‍ഡ്ടി)ക്കും എസ്എംആര്‍ സാങ്കേതികവിദ്യ ലഭിക്കും.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആറ്റോമിക്ക് എനര്‍ജി റെഗുലേഷന്‍ ബോര്‍ഡ് (എഇആര്‍ബി), എന്‍ടിപി സി, എന്‍പിസിഐ..എല്‍, എന്നിയവയ്ക്കുകൂടി സാങ്കേതികവിദ്യ കൈമാറണമെന്ന്‌ കേന്ദ്രം ഹോള്‍ടെക്ക് ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കാത്തതിനാല്‍ അനുമതി ലഭിച്ചില്ല.

അതിനാല്‍ നിലവില്‍ സ്വകാര്യ കമ്പനികള്‍ക്ക് മാത്രമാണ് പത്ത് വര്‍ഷത്തേക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

Highlights: US company gets permission to build and design nuclear reactors in India

error: