തൃശൂർ പൂരത്തിനിടയിൽ ആനകൾ വിരണ്ടോടി: ഇരുപതോളം പേർക്ക് പരിക്ക്
ആരുടേയും നില ഗുരുതരമല്ല
തൃശൂർ(Thrissur): രാത്രി പൂരത്തിനിടയിൽ രണ്ട് ആനകൾ വിരണ്ടോടി. തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പ് സി.എം.എസ് സ്‌കൂളിന് മുന്നിൽ എത്തിയപ്പോഴാണ് ഊട്ടോളി രാമൻ എന്ന ആന ഓടിയത്. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന വട്ടപ്പൻകാവ് മണികണ്ഠൻ എന്ന ആനയും ഓടി. മണികണ്ഠനെ സി.എം.എസ് സ്‌കൂളിന് മുന്നിൽ വച്ചു തന്നെ തളച്ചു.
എം.ജി റോഡിലെ പാണ്ടിസമൂഹം റോഡിലേക്കാണ് ഊട്ടോളി രാമൻ ഓടിയത്. ഇതിനെ തുടർന്ന് രക്ഷപ്പെടാനായി ഓടിയ 20ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. ആനയെ തളച്ചശേഷം ഇവരെ സുരക്ഷിതമായി നിലത്തിറക്കി. സംഭവത്തെ തുടർന്ന് മന്ത്രി കെ.രാജനും കളക്ടർ അർജുൻ പാണ്ഡ്യനും ആശുപത്രിയിലെത്തി. മന്ത്രി കെ.രാജൻ നേരിട്ട് കൺട്രോൾ റൂമിലെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചു.
Highlights: Elephants run amok during Thrissur Pooram: Around twenty injured