തുർക്കിയുടെ ഇന്ത്യാ വിരുദ്ധ നീക്കം തിരിച്ചടിയായി, നഷ്ടം 770 കോടി!
ഇന്ത്യയുടെ താൽപ്പര്യങ്ങളോട് ശത്രുത പുലർത്തുന്ന പാകിസ്ഥാന്, ആദ്യമേ പരസ്യ പിന്തുണയുമായി തുർക്കി എത്തിയത് ഇന്ത്യയെ ചെറുതായൊന്ന് ഞെട്ടിച്ചിരിന്നു എന്നത് സത്യമാണ്. എന്നാൽ ഇപ്പോൾ ആ നീക്കത്തിന്റെ ആഘാതം തുർക്കിയെ തന്നെയാണ് തിരിഞ്ഞ് കൊത്തുന്നത്. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നതും അവരുടെ സമ്പദ്‌വ്യവസ്ഥയെ തന്നെയാണ്. ഈ നയതന്ത്ര വിള്ളലിന്റെ ഏറ്റവും പുതിയ ഫലം തുർക്കിയുടെ കുതിച്ചുയരുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഇൻഡസ്ട്രിയിലാണ് അനുഭവപ്പെടുന്നത്.
വലിയ ബജറ്റ് ഇന്ത്യൻ വിവാഹങ്ങൾ കാരണം ആണ് തുർക്കിയുടെ ഈ മേഖല അതിവേഗം വളർന്നു വന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിദേശത്ത് ഗംഭീരവും ആഡംബരപരവുമായ വിവാഹങ്ങൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായി തുർക്കി മാറിയിരുന്നു. എന്നാൽ ഇനി അങ്ങനെയല്ല. തുർക്കിയുടെ പാകിസ്ഥാൻ അനുകൂല നിലപാടിൽ അസ്വസ്ഥരായ നിരവധി ഇന്ത്യൻ കുടുംബങ്ങൾ രാജ്യത്തെ വിവാഹ പദ്ധതികൾ ഉപേക്ഷിക്കുകയാണ്. ഈ മാറ്റം തുർക്കിക്ക് ഏകദേശം 770 കോടി രൂപയുടെ നഷ്ടം വരുത്തുമെന്ന് വ്യവസായ മേഖലയിലെ വിദഗ്ധർ കണക്കാക്കുന്നു, ഇത് തുർക്കിക്ക് കനത്ത സാമ്പത്തിക തിരിച്ചടിയാണ്.
2024 ൽ മാത്രം തുർക്കി ഏകദേശം 50 ഇന്ത്യൻ വിവാഹങ്ങൾക്ക് ആണ് ആതിഥേയത്വം വഹിച്ചത്. ഈ പരിപാടികളിൽ ചിലതിന് 25 കോടി മുതൽ 66 കോടി രൂപ വരെ ബജറ്റ് ഉണ്ടായിരുന്നു. ഈ വിവാഹങ്ങൾ ഹോട്ടൽ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, പ്രാദേശിക അലങ്കാരക്കാർ, പൂക്കടകൾ, കാറ്ററർമാർ, ട്രാവൽ ഏജന്റുമാർ, സംഗീതജ്ഞർ എന്നിവർക്ക് പോലും ബിസിനസ്സ് എത്തിച്ചു. ഇന്ത്യൻ വിവാഹ വിപണി നിരവധി തുർക്കി ബിസിനസുകൾക്ക് ഒരു ജീവനാഡിയായി മാറുകയും രാജ്യത്തിന് ഒരു ആഡംബര വിവാഹ കേന്ദ്രമായി ആഗോളതലത്തിൽ ദൃശ്യപരത നൽകുകയും ചെയ്തു.
തുർക്കിയിൽ അടുത്ത വർഷം നടത്താൻ തീരുമാനിച്ചിരുന്ന 50 ഇന്ത്യൻ വിവാഹങ്ങളിൽ 30 എണ്ണത്തിന്റെ ബുക്കിംഗുകൾ റദ്ദാക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. തുർക്കിക്ക് പകരമായി ഇന്ത്യൻ കുടുംബങ്ങൾ രാജസ്ഥാൻ, ഗോവ, കേരളം, ഉദയ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിയുന്നു. ഇത് ആഭ്യന്തര ടൂറിസത്തെ പിന്തുണയ്ക്കുക മാത്രമല്ല, സാമ്പത്തിക നയതന്ത്രത്തിന്റെ കാര്യത്തിൽ ശക്തമായ ഒരു സൂചനയും നൽകുന്നു.
കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കിൽ, ഇന്ത്യൻ വിവാഹ ടൂറിസം മാത്രം തുർക്കിക്ക് പ്രതിവർഷം ഏകദേശം 1,170 കോടി രൂപ വരുമാനം നേടി കൊടുത്തു. ഈ വരുമാനം ഇപ്പോൾ അപകടത്തിലായതിനാൽ, ഈ പ്രത്യാഘാതം തുർക്കിയുടെ വിശാലമായ ടൂറിസം വ്യവസായത്തെയും ബാധിച്ചേക്കാം. കണക്കുകൾക്കപ്പുറം, ഈ മാറ്റം പ്രസിഡന്റ് എർദോഗന്റെ സർക്കാരിന്റെ നയതന്ത്ര പരാജയമായിട്ടാണ് കാണപ്പെടുന്നത്, ഈ നീക്കം തുർക്കിക്ക് സാമ്പത്തികമായി മാത്രമല്ല, ലോകത്തിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ വിവാഹ വിപണികളിൽ ഒന്നുമായുള്ള ദീർഘകാല സൗഹാർദ്ദത്തിലും നഷ്ടമുണ്ടാക്കിയിരിക്കാം.
Highlights: Turkey’s anti-India move backfires, losses of Rs 770 crore!