Special Features

വെള്ളം വെള്ളം സര്‍വത്ര, തുള്ളികുടിക്കാനില്ലത്രെ, ലോകത്ത് ഇനി വരാനിരിക്കുന്നത് ജലയുദ്ധം…!!’, ഇന്ന് ലോക ജലദിനം, അറിയാം പ്രാധാന്യം

ജലം ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമാണ്, മനുഷ്യന്‍റെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണിത്. ലോകത്ത് ഇനിയൊരു മഹാ യുദ്ധം നടക്കുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയാകുമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്‌ട്ര അതിർത്തികൾ കടന്നുള്ള ജലസ്രോതസുകളെച്ചൊല്ലി രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാകാൻ സാധ്യതയുള്ള സംഘർഷം വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വെള്ളം വെള്ളം സര്‍വത്ര, തുള്ളികുടിക്കാനില്ലത്രെ എന്നു പറയുംപോലെ വികസിത രാജ്യങ്ങളിലെ ജനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ശുദ്ധവും സുരക്ഷിതവുമായ വെള്ളം ലഭ്യമാക്കാൻ ഇക്കാലത്ത് പാടുപെടുന്നു. ഭൂമിയില്‍ 97 ശതമാനം ജലമാണെങ്കിലും ഇതിനായുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. ജലത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ജല സംരക്ഷണത്തിന്‍റെയും ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മാർച്ച് 22 ന് ലോക ജലദിനമായി ആചരിക്കുന്നു.

ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്. അമൂല്യമായ ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്‍റെ ലക്ഷ്യം. 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവിയോൺമെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റിലാണ് ലോക ജലദിനമെന്ന നിർദേശം ആദ്യമായി ഉയർന്നുവന്നത്. ഇതിനുപിന്നാലെ യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ലോക ജലദിനമായി ആചരിക്കാൻ തീരുമാനിച്ചു.

ഹിമാനികള്‍ സംരക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കരയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളായ ഹിമാനി അഥവാ ഗ്ലേഷ്യർ ഭൂമിയിലെ ശുദ്ധജലത്തിന്‍റെ ഏറ്റവും വലിയ സ്രോതസാണ്. സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണികളാണ് ഹിമാനികള്‍. ഹിമാനികള്‍ ഉരുകി ജലമുണ്ടാകുന്നു. ഇക്കാലത്ത് ഹിമാനികള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്നും അവ വേഗത്തില്‍ ഉരുകുന്നുവെന്നുമാണ് കണ്ടെത്തല്‍. അതുകൊണ്ട് തന്നെ അവ സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമി ചൂടാകുമ്പോൾ ഹിമാനികൾ മുമ്പെന്നത്തേക്കാളും വേഗത്തിൽ ഉരുകുകയാണ്. ഇത് മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ലോകത്ത് ഏറ്റവും വലിയ ഹിമാനി സ്ഥിതി ചെയ്യുന്നത് അന്‍റാർട്ടിക്കിലാണ്‌. ലാംബർട്ട് ഹിമാനി എന്നാണിതിന്‍റെ പേര്‌. ഇന്ത്യയിലും നിരവധി ഹിമാനികൾ ഉണ്ട്. ഗംഗയുടെ ഉത്ഭവം ഗംഗോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌. യമുനയും യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കവും രൂപപ്പെടാറുണ്ട്.

ലോക ജലദിനത്തിന്‍റെ പ്രാധാന്യം

ലോകമെമ്പാടുമുള്ള ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനെ കുറിച്ച് അവബോധം വളർത്തുകയും ജലവുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളെ ഈ ദിനത്തില്‍ പ്രോത്സാഹിപ്പിക്കുകയും വേണം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് സുരക്ഷിതവും ശുദ്ധവുമായ വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്, പല രാജ്യങ്ങളിലും ജലക്ഷാമവും മലിനീകരണവും അനുഭവപ്പെടുന്നു.

ജനസംഖ്യാ വളർച്ച, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, വികസനം, കാലാവസ്ഥാ വ്യതിയാനം എന്നിവ വലിയ ജലസംരക്ഷണത്തില്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ലോക ജലദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. സര്‍ക്കാരുകള്‍, കോളജുകള്‍, സ്‌കൂളുകള്‍, ഓഫിസുകള്‍, ക്ലബുകള്‍, സംഘടനകള്‍ ഉള്‍പ്പെടെ ഈ ദിവസത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. നല്ലൊരും നാളെക്കായി ഒരുതുള്ളി ജലം പോലും പാഴാക്കില്ലെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞയെടുക്കാം…

error: