Special Features

ഇല്ലാ എന്നൊരു വാക്കില്ല ഈ കുട്ടിക്ക്

ജ്യോതിരാജ് തെക്കൂട്ട്

എനിക്കെല്ലാം ചെയ്യണം. മറ്റു കുട്ടികളെ പോലെ പഠിക്കുകയും ,ആടുകയും പാടുകയും വേണം…..
മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കിയെടുക്കുവാൻ ബുദ്ധിമുട്ടുള്ള ഭാഷയിൽ അവനിതു പറയുമ്പോൾ ആത്മവിശ്വാസത്തിൻ്റെ ഊർജ്ജം സ്ഫുരിക്കുന്ന മുഖവും, കണ്ണുകളുമാണവന് .

സജീവൻ്റെയും ബീനയുടെയും മകനായി തൃശൂർ ചാഴൂരിലാണ് ജന്മനാ വൈകല്യമുള്ള സൗരവ് ജനിക്കുന്നത്. ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടുന്ന ‘ഒരു തവള കുട്ടിയുടെ അത്രയും ചെറിയ കുട്ടി’ എന്നാണ് അമ്മ ബീന അവൻ്റെ ജനനത്തെ പറയുന്നത്.
ഓരോ കുഞ്ഞിൻ്റെയും ശാരീരികവും മാനസികവുമായ വളർച്ച അതാതു ഘട്ടങ്ങളിൽ സ്വമേധയ നടക്കും. എന്നാൽ സൗരവിൻ്റെ ഓരോ വളർച്ചയും അവൻ്റെ മാതാപിതാക്കൾ പൊരുതി നേടിയെടുത്തതാണ് .
നിരന്തരം ഹോസ്പിറ്റലുകളിലും മറ്റും കയറിയിറങ്ങി വിദഗ്ധ ചികിത്സകൾ നൽകി.

ഫിസിയോതെറാപ്പികളാണ് വളർച്ചയുടെ ഓരോ ഘട്ടങ്ങളേയും മറി കടക്കാൻ സൗരവിനെ പ്രാപ്തനാക്കിയത്. അന്വേഷണങ്ങൾക്കും, ടെസ്റ്റുകൾക്കുമൊടുവിൽ സൗരവിൻ്റെ അസുഖകാരണം ജനിതകമായ വൈകല്യങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.

മറ്റുള്ള കുട്ടികളെ പോലയല്ലെങ്കിലും ഏറെ കുറെ കാര്യങ്ങൾ മനസ്സിലാക്കാനും ഇരിക്കാനും നടക്കാനും കഴിക്കാനും പിന്നെ അവൻ്റെതായ കാര്യങ്ങൾ ചെയ്യാനും ചിലപ്പോൾ ,കഴിഞ്ഞു എന്ന് വരാമെന്ന് ഡോക്ടേഴ്സ് ….
എന്നാൽ വിധിയെ, സ്നേഹവും കരുതലും കൊണ്ട് നേരിടാൻ സൗരവിൻ്റെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.

ജീവിതം അതിൻ്റെ എല്ലാ സുഗന്ധത്താലും നിറയ്ക്കുന്നതിന്, അവനെ പ്രാപ്തനാക്കുക അതായിരുന്നു അവരുടെ ലക്ഷ്യം.
തനിക്കുള്ള പോരായ്മകളൊരു പോരായ്മകളുമല്ലെന്നു സൗരവിപ്പോൾ നമ്മെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

‘ഇല്ലാ’ എന്നൊരു വാക്കില്ല ഈ കുട്ടിക്ക് അതാണ് സൗരവിൻ്റെ മികവ്.
സൗരവ് ചാഴൂർ എസ് .എസ് . എൻ . എം . ൽ നിന്നും പത്താം തരം ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി വിജയിച്ചു. ഇപ്പോൾ, മണലൂർ സ്നേഹാദരം ടെക്നിക്കൽ സ്കൂളിൽ നിന്നും ഡിപ്ലോമയും കരസ്ഥമാക്കി.

നല്ല പെരുമാറ്റമാണ് സൗരവിൻ്റേത്. ആർക്കും ശല്യമാവാത്ത, പിടിവാശികളില്ലാത്ത ശാന്തസ്വഭാവം. അടുത്ത കാലത്തായി, ‘മേള’ അധ്യാപകൻ പിപിൻ മാസ്റ്ററിൻ്റെയും, അപർണ്ണ ടീച്ചറിൻ്റെ നേതൃത്വത്തിലുള്ള “ടീം ബട്ടർഫ്ലെയ്സ് ” എന്ന ഗ്രൂപ്പിൽ ചേർന്നതിൽ പിന്നെയാണ് കലാരംഗത്തേക്കും ഒപ്പം സാംസ്കാരിക രംഗത്തേക്കുമുള്ള സൗരവിൻ്റെ യാത്ര ആരംഭിക്കുന്നത്.

ഭിന്ന ശേഷിയുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിക്കുന്നതിനായി രൂപികരിക്കപ്പെട്ടതാണ് ഈ ഗ്രൂപ്പ് . അപർണ്ണ ടീച്ചർ മുഖേന നിരവധി പരിപാടികളിൽ സൗരവിന് പങ്കെടുക്കാൻ കഴിഞ്ഞു.

പിപിൻ മാസ്റ്റർ വഴി ചെണ്ടമേളം പഠിക്കുവാനും, അനേകം വേദികളിലും അവതരിപ്പിക്കാൻ കഴിഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച 1001 ഭിന്ന ശേഷിയുള്ള കുട്ടികളിൽ ഒരാളായി മഴവിൽ മനോരമയിൽ ബിഗ് സല്യൂട്ട് എന്ന പ്രോഗ്രാമിൽ ഒന്നാം സമ്മാനം ലഭിച്ചു.

അതവനൊരു മിന്നും വിജയമായിരുന്നു. ‘അതിനു ശേഷം സൗരവിൻ്റെ സംസാരത്തിലും, നടത്തത്തിലും, ഇരിപ്പിലുമെല്ലാം വലിയ രീതിയിൽ മാറ്റങ്ങൾ കാണാൻ കഴിഞ്ഞതായി അമ്മ പറയുന്നു.
ഭിന്നശേഷി കുട്ടികൾക്കുവേണ്ടി ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പാചക മത്സരത്തിൽ ഒന്നാം സ്ഥാനം സൗരവിനായിരുന്നു. അവൻ തയ്യാറാക്കിയ നാട്ടുമാമ്പഴപായസം വേറിട്ട രൂചി പകരുന്നതായിരുന്നു.

യാദൃശ്ചികമായാണ് ഷൈജി ജോസഫ് സംവിധാനം ചെയ്ത ‘കുഞ്ഞു ‘എന്ന ഷോട്ട് ഫിലീമിൽ അഭിനയിക്കാൻ സൗരവിന് അവസരം ലഭിക്കുന്നത്. അതവൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
മുതുകാടിൻ്റെ സമ്മോഹനത്തിലും ഫാഷൻ ഷോയിലും പങ്കെടുക്കുകയുണ്ടായി. ടീം ബട്ടർഫ്ലെസ് നടത്തിയ തൊഴിൽ മേളയിൽ ഒരുപ്പാട് അമ്മമാർക്കൊപ്പം ചേർന്നു സർട്ടിഫിക്കറ്റും സ്വന്തമാക്കി. ഈ ചെറുപ്രായത്തിൽ തന്നെ നൂറ്റമ്പതോളം വേദികളിൽ പങ്കെടുത്ത സൗരവ്വിപ്പോൾ നാട്ടിലെ ‘മുത്താ’ണ്.

കേരള മുഖ്യമന്ത്രി കോവിഡ് 19 സമയത്ത് വാർത്താസമ്മേളനത്തിൽ എല്ലാവരും മറ്റുള്ളവരെ സഹായിക്കണമെന്ന വാർത്ത കേട്ട് തൻ്റെ രണ്ട് മാസത്തെ പെൻഷൻ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി സൗരവ് മാതൃകയായി. പലവിധ പ്രശ്നങ്ങൾക്കിടയിലും കാരുണ്യ പ്രവർത്തകൻ്റെ കുപ്പായമിട്ട സൗരവ് അവിടെയും തൻ്റെ ഹൃദയവിശാലത വെളിപ്പെടുത്തുകയായിരുന്നു.
കോവിഡ് പടർന്നുപിടിച്ച സമയത്ത് കോവിഡ് 19 നെതിരെ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരുന്ന കേരള പോലീസിനോടുള്ള ആദര സൂചകമായി സ്വന്തം നാട്ടിലെ , ‘അന്തിക്കാട് ‘പോലീസ് സ്റ്റേഷനിലേക്ക് കണ്ണാടി ഉപഹാരമായി നൽകുകയും.

ചാഴൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആഹാരപദാർത്ഥങ്ങൾ കൈമാറുകയും ചെയ്തിരുന്നു.. ‘ ടീം ബട്ടർഫ്ലെസ് ‘നോട് ഒപ്പംചേർന്ന് തൃശൂരിൽ ദാഹജലം വിതരണത്തിലും പങ്കാളിയായി.
വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാനും ചെടികൾ നട്ടുപിടിപ്പിക്കാനും ഇഷ്ടപ്പെടുന്ന സൗരവ് വീട്ടിൽ തന്നെ നല്ലൊരു പച്ചക്കറിനോട്ടം നട്ടുവളർത്തിയിട്ടുണ്ട്. എല്ലാ കുട്ടികളേയും പോലെ തനിക്കും എല്ലാ കാര്യങ്ങളും ചെയ്യണം എന്ന സൗരവിൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ അച്ഛനും അമ്മയും വീട്ടുകാരും നാട്ടുകാരും കൂടെ തന്നെയുണ്ട്. ഇതിൽ ചെറിയച്ഛൻ സജീന്ദ്രൻ്റെ പങ്ക് വളരെ വലുതാണ്.
ഭിന്നശേഷി കുട്ടികൾക്ക് നാല് ശതമാനം സംവരണമുണ്ട്.
കൂടാതെ സൗരവ് പഠിക്കുന്നത് ഒരു ടെക്നിക്കൽ സ്കൂളിലാണ്.

കോഴ്സ് തീർന്നാൽ ആ സർട്ടിഫിക്കറ്റ് വെച്ച് ഒരു കട തുടങ്ങുവാനും ഇവരെ നിലനിർത്തി കൊണ്ട് തന്നെ അച്ഛനമ്മക്കോ ഒരു സ്ഥാപനം തുടങ്ങാനും കഴിയുമെന്നാണ് പറയുന്നത്.
അനവധി തൊഴിലവസരങ്ങൾ ഭിന്ന ശേഷിക്കാരെ കാത്തിരിക്കുന്നുണ്ട്. എന്നാൽ അതിനെ കുറിച്ചുള്ള അറിവുകൾ എല്ലാവരിലേക്കും എത്തുന്നില്ല എന്ന പരാതിയാണ് ഇവർക്കുള്ളത്.

ഇങ്ങനെയുള്ള കുട്ടികളെ അടച്ചിടാനല്ല, നമ്മളില്ലെങ്കിലും ഇവർക്ക് ജീവിക്കണം. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഇതുപോലെയുള്ള കൊച്ചുമക്കളെ സമൂഹത്തിൽ മാറ്റി നിർത്തുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുക തന്നെയാണ് സൗരവിൻ്റെ മാതാപിതാക്കൾ.
എല്ലാവരേയും ഒരു പോലെ സ്നേഹിക്കുവാനും പെട്ടെന്നു തന്നെ എല്ലാവരുടെയും സ്നേഹം പിടിച്ചു
പറ്റാനും സൗരവിന് കഴിയുന്നു. മൊബൈൽ ഫോണിൻ്റെയും ടി വി യിൽ നിന്നുമൊക്കെ കണ്ണെടുക്കാത്ത ഇക്കാലത്തെ കുട്ടികളിൽ നിന്നും വ്യത്യസ്തമായി തൻ്റെ നിഷ്കളങ്കമായ ചിരിയിലൂടെ ‘ എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കുകയാണ് സൗരവ് എന്ന കൊച്ചു മിടുക്കൻ.

Highlights: sourav life story

error: