Special Features

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത


ഷെറി വർ​ഗീസ്, പിൻസിപ്പൽ
ഓക്സ്ഫോർഡ് പബ്ലിക് സ്കൂൾ
തിക്കുനിയ ഉത്തർപ്രദേശ്

എന്താണ് നമ്മുടെ നാടിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത തരം ക്രൂരതയുടെ വാർത്തകൾ. വിശ്വസിക്കാനാവാത്ത പീഡന കഥകൾ. സ്വന്തം അച്ഛനെ കൊല്ലുന്ന മകൻ. അമ്മയെയും സഹോദരനെയും കുടുംബാംഗങ്ങളെയും അധിക്രൂരമായി കൊല്ലുന്ന യുവതലമുറ. സ്വന്തം ഭാര്യയെ കൊല്ലുന്ന ഭർത്താവ്. കാമുകനുവേണ്ടി സ്വന്തം ഭർത്താവിനെ കൊല്ലുന്ന ഭാര്യ. സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന യുവതികൾ. നൊന്ത് പ്രസവിച്ച പിഞ്ചു കുഞ്ഞിനെ പോലും കാമുകനുവേണ്ടി കൊല്ലുന്ന അമ്മമാർ. കാമുകിയെ പീഡിപ്പിച്ച ശേഷം കൊന്നു തള്ളുന്ന കാമുകന്മാർ.

സൗന്ദര്യമില്ലായ്മയുടെ പേരിലും ജോലിയില്ലായ്മയുടെ പേരിലും ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ. പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നവർ. സഹപാഠികളെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുന്ന സഹപാഠികൾ. റാഗിംഗ് എന്ന പേരിൽ ജൂനിയർ വിദ്യാർത്ഥികളെ അതിക്രൂരമായി ഉപദ്രവിക്കുന്ന മുതിർന്ന കുട്ടികൾ. വിദ്യാർത്ഥികൾ ഉപദ്രവം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്ന അനേകം വിദ്യാർഥികൾ അന്ധവിശ്വാസം മൂലം നരബലി എന്ന പേരിൽ നടത്തപ്പെടുന്ന ക്രൂര കൊലപാതകങ്ങൾ. ഇങ്ങനെ ക്രൂരതയുടെ വിഭീകരമുഖങ്ങൾ. കഴിഞ്ഞ കുറെ നാളുകളായി നാം കേൾക്കുന്ന വാർത്തകൾ കേട്ട് ഞെട്ടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇതൊക്കെ നമ്മുടെ വീട്ടിൽ നടക്കുന്നതുവരെ നമുക്കിത് വെറും വാർത്തകൾ മാത്രമാണ്. ഒരുപക്ഷേ, അടുത്തത് നടക്കുന്നത് നമ്മുടെ കുടുംബത്തിൽ തന്നെയാണെങ്കിലോ? എന്താണ് ഉത്തരം? ഇത്തരം സംഭവങ്ങൾ കേരളത്തിൽ കൂടി വരുന്നത് ഇതൊക്കെ ചെയ്യുന്നവരുടെ മാനസിക അവസ്ഥ എന്താണ്? ഇവരെ അതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ഇതൊന്നു പരിശോധിക്കാം.

ഒരു വ്യക്തിയുടെ സ്വഭാവം ശീലങ്ങൾ പെരുമാറ്റം ഇവയൊക്കെ രൂപപ്പെടുന്നത് അവൻ്റെ പരിസരങ്ങളിൽ നിന്നും വീടുകളിൽ നിന്നുമാണ്. സ്നേഹം, അനുകമ്പ, സഹാനുഭൂതി, ബഹുമാനം, സഹിഷ്ണുത, ഉത്തരവാദിത്വം, വിനയം, പരസ്പര സഹകരണം ഇവയെല്ലാം ഒരു കുട്ടി പഠിക്കേണ്ടത് അവൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന സ്കൂളിൽ നിന്നും അവരുടെ വീടുകളിൽ നിന്നുമാണ്. സ്കൂൾ വിദ്യാഭ്യാസം അവരുടെ മാനസിക നിലയും, സ്വാഭാവ രൂപീകരണവും വളർത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നുണ്ട്.

എന്നാൽ ഗണിതവും, ഇംഗ്ലീഷും, ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കുന്ന തിരക്കിൽ കുട്ടികളെ മനുഷ്യത്വം പഠിപ്പിക്കുവാനോ യഥാർഥ മനുഷ്യ ജീവിതം മനസിലാക്കുവാനോ നാം എത്ര സമയം മാറ്റിവയ്ക്കുന്നുണ്ട്. ഹൈഡ്രജനും ഓക്സിജനും ചേർന്ന് വെള്ളം ഉണ്ടാകുന്നു എന്ന് പഠിപ്പിക്കുന്ന കൂട്ടത്തിൽ ആ വെള്ളം ദാഹിക്കുന്നവന് നൽകാനുള്ളതാണെന്നും നമ്മുടെ ശരീരത്തിലെ രക്തത്തിൻ്റെ പ്രവർത്തനം എന്താണെന്ന് പഠിപ്പിക്കുന്ന കൂട്ടത്തിൽ അത് ജീവനാണെന്നും മറ്റുള്ളവരുടേതും രക്തം ചീന്തുവാനുള്ള അധികാരം നമുക്കില്ല എന്നും പഠിപ്പിക്കാൻ നാം മറന്നു പോകുന്നു.

ബന്ധങ്ങളുടെ വില എന്താണെന്നും, സമൂഹത്തോടുള്ള നമ്മുടെ കടപ്പാട് എന്താണെന്നും, സഹജീവികളോടുള്ള പെരുമാറ്റം എങ്ങനെയാവണമെന്നും പഠിപ്പിക്കുവാൻ നമുക്ക് സമയം കിട്ടാറില്ല. ലിംഗ രാഷ്ട്രീയവും സ്വാതന്ത്ര്യ ചിന്തയും വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തി അതിനു വലിയ പ്രാധാന്യം നൽകി കുട്ടികളുടെ മനസ്സിലേക്ക് കുത്തിനിറയ്ക്കുമ്പോൾ ധാർമിക വിദ്യാഭ്യാസവും, മൂല്യ വിദ്യാഭ്യാസവും നമ്മൾ മറന്നുപോകുന്നു. സ്വയം ബഹുമാനം പഠിക്കുമ്പോൾ പരസ്പര ബഹുമാനം കൂടി പഠിപ്പിക്കണം. ഇപ്പോഴത്തെ തലമുറ വ്യക്തിസ്വാതന്ത്ര്യം എന്ന ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുകയും “My life , My rule, My body ,My Right “എന്ന ചിന്തയിലേക്ക് എത്തിച്ചേരുകയും ചെയ്തിരിക്കുന്നു.

ഉത്തരവാദിത്വങ്ങളെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത ഇവർക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് വളരെയധികം ബോധവാന്മാരാണ്. എന്റെ സന്തോഷത്തിനുവേണ്ടി എനിക്ക് എന്തും ചെയ്യാം മറ്റുള്ളവരെ പരിഗണിക്കേണ്ട ആവശ്യം എനിക്കില്ല എന്നുള്ളതാണ് ഇവരുടെ ചിന്ത. പുതിയ തലമുറയ്ക്ക് മദ്യത്തോടും രാസ ലഹരിയോടും ഉള്ള ആസക്തി വളരെ വർധിച്ചിരുന്നതായി കാണാം. ഇവയുടെ ഉപയോഗം ഇത്തരം ക്രൂരകൃത്യങ്ങൾ പെരുകാൻ വളരെയധികം സഹായികരമായിട്ടുണ്ട്. ഇവയുടെ ഉപയോഗം പുതിയ തലമുറയുടെ വ്യക്തിത്വം അഭിരുചികൾ, ശാരീരിക മാനസിക ആരോഗ്യം, സാമൂഹിക ബന്ധങ്ങൾ, വിദ്യാഭ്യാസം, ആത്മവിശ്വാസം എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കുന്നു. ഇവർക്ക് ജീവിതത്തിൽ വരുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും നേരിടാനറിയില്ല.

തോൽവികൾ ഉൾക്കൊള്ളാനുള്ള കരുത്തില്ല. തോൽവി വിജയത്തിൻ്റെ ചവിട്ടുപടിയായി കാണാൻ അവർക്ക് അറിയില്ല. നാഷണൽ ക്രൈം ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഓരോ മണിക്കൂറിലും മൂന്ന് വിദ്യാർത്ഥികൾ വീതം ആത്മഹത്യ ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എഐ വരെ എത്തിനിൽക്കുന്ന പുതിയ സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ പഴയ തിയറികൾ കാണാതെ പഠിപ്പിക്കുന്നതിന് പകരം ജീവിതം പഠിപ്പിക്കാം. മനുഷ്യനാവാൻ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, എങ്ങനെ ഇടപെടണം, സഹജീവികളെ എങ്ങനെ സ്നേഹിക്കണം, ബന്ധങ്ങളുടെ ആഴവും ശക്തിയും എന്താണ് മനുഷ്യ ജീവിതത്തിന്റെ യഥാർഥ സന്തോഷം എന്താണെന്ന് പഠിപ്പിക്കാതെ നമ്മുടെ വിദ്യാഭ്യാസം ഒരിക്കലും പൂർത്തിയാകില്ല.
മാറ്റങ്ങൾ തുടരേണ്ടത് നമ്മളിൽ നിന്നാണ്. നമ്മുടെ സ്കൂളിൽ നിന്നും നമ്മുടെ വീടുകളിൽ നിന്നുമാണ്. ഇത്തരം വേദനാജനകമായ വാർത്തകൾ ഇല്ലാതെ ഒരു ദിവസമെങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകട്ടെ. ആദ്യം വീട് നന്നാവട്ടെ, അങ്ങനെ നാട് നന്നാവട്ടെ. നല്ലൊരു നാളേക്കായി പരിശ്രമിക്കാം.

Highlights: The need for value-based education

error: