Special Features

‘മാതൃദേവോ ഭവ:’


നിശ സതീഷ്


ഭാരതത്തിലെ സാമൂഹിക വ്യവസ്ഥിതിയിൽ മാതാവിനുള്ള സ്ഥാനം വളരെ വലുതാണ്. മാതാവിന്റെ വാത്സല്യച്ചൂടിൽ വളരാനാണ് ഓരോ ജീവജാലങ്ങളും താൽപര്യപ്പെടുന്നത്. മാതൃദേവോ ഭവ: എന്നാണ് ഭാരതത്തിൽ ചെറുപ്പം മുതൽ പഠിപ്പിക്കാറുള്ളത്.

ഭാരത സംസ്കാരത്തിൽ സ്ത്രീത്വത്തിന്റെ പരിപൂർണ്ണതയെയാണ് മാതാവ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. മാതൃഭാവം ഏതൊരു സ്ത്രീയിലും ഉൾക്കൊണ്ടിരിക്കുന്നു. മാതൃത്വത്തിന്റെ ഭാവം സ്നേഹവും ത്യാഗവും കരുണയും നിസ്വാർത്ഥതയുമാണ്.

പണ്ടുമുതൽക്കു തന്നെ കവികൾ പാടിപ്പുകഴ്ത്തുന്നതാണ് മാതൃത്വവും മാതൃസ്നേഹവും. മായമില്ലാത്ത സ്നേഹമാണ് മാതൃസ്നേഹം എന്നതിൽ സംശയമില്ല. ലോകത്ത് എല്ലായിടത്തും മാതൃത്വത്തിന് ബഹുമാനം നൽകുന്നു. മാതാവിനും കുഞ്ഞിനും സുരക്ഷയൊരുക്കാൻ പ്രകൃതിയും സഹജീവികളും തങ്ങളാൽ കഴിയും വിധം ശ്രമിക്കുന്നു. ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ എത്രത്തോളം സുരക്ഷ മാതൃത്വത്തിന് ഉണ്ടെന്നത് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

മുൻകാലങ്ങളേക്കാൾ സുരക്ഷിതത്വം അമ്മമാരിൽ ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല. മാതൃ മരണ നിരക്കുകൾ താരതമ്യേന കുറവ് തന്നെയാണ്. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നമ്മുടെ നാട്ടിലുള്ളതുകൊണ്ട് മാതൃ മരണനിരക്കുകളും ഗർഭകാല സംബന്ധമായ രോഗങ്ങളും തടയാൻ സാധിക്കും.

പ്രസവ പൂർവ്വ പരിചരണവും പ്രസവാനന്തര പരിചരണവും മുൻകാലത്തെക്കാൾ മെച്ചപ്പെട്ടത് തന്നെയാണ്. എന്നിരുന്നാലും ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ തന്നെ പ്രസവിച്ച് മരണത്തിലേക്ക് പോകുന്നതും പ്രായമാകാതെ തന്നെ ഗർഭം ധരിച്ച് പ്രസവിക്കുന്നതുമായ ഒറ്റപ്പെട്ട സംഭവങ്ങളും നമ്മുടെ നാട്ടിൽ ഇന്നുമുണ്ട്.

ശരിയായ ബോധവൽക്കരണം ഇത്തരത്തിലുള്ള വിഭാഗങ്ങൾക്ക് ആവശ്യമാണ്. ഗർഭിണികൾക്ക് കുടുംബത്തിന്റെ വൈകാരിക പിന്തുണ കൂടുതൽ ലഭ്യമാക്കേണ്ടതും അനിവാര്യമാണ്. വിവിധ തൊഴിൽ മേഖലകളിൽ പുരുഷനോടൊപ്പം തുല്യ പ്രാധാന്യത്തോടെ സ്ത്രീകൾ ജോലി ചെയ്യേണ്ടിവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

തൊഴിലിടത്തിലെ സമ്മർദ്ദത്തോടൊപ്പം വീട്ടുകാര്യങ്ങളും മാതാവിന്റെ കടമകളുമെല്ലാം നിറവേറ്റുന്നത് സ്ത്രീകൾ തന്നെയായതുകൊണ്ട് മാനസിക സമ്മർദ്ദം കൂടുകയും പലവിധ രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. ജോലിസ്ഥലങ്ങളിലും ഗൃഹങ്ങളിലും സ്ത്രീകൾക്ക് അനുകൂല സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് അനിവാര്യമാണ്.

ലഹരിയുടെ മായാവലയങ്ങളിൽ പെട്ട യുവതലമുറ ഭാര്യയെന്നും അമ്മയെന്നുള്ള പരിഗണനയില്ലാതെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ നമ്മൾ അറിയാറുണ്ട്. തങ്ങളുടെ സുഖസൗകര്യങ്ങൾ മാറ്റിവെച്ച് മക്കളെ ജീവനുതുല്യം സ്നേഹിച്ച് വലിയവരാക്കിയ മാതാവിനും, ഏറ്റവും പരിചരണം ലഭിക്കേണ്ട വാർദ്ധക്യകാലത്ത് വൃദ്ധസദനത്തിൽ അഭയം പ്രാപിക്കേണ്ടി വരുന്നത് ഇന്ന് ഒരു പുതുമയല്ല.

Highlights: We need to think about how safe motherhood is in a populous India

error: