അമൂല്യമായ സമൂഹ്യ മൂല്യങ്ങൾ
ഷെജീന ഗുരുവായൂർ
അമൂല്യമായ സാമൂഹ്യ മൂല്യങ്ങൾ”മൂല്യങ്ങളെ തിരിച്ചറിയാൻ കഴിയുന്ന മനസ്സ് മനുഷ്യനെ സംബന്ധിച്ചിടത്തോളമിന്ന് അമൂല്യങ്ങളിൽ അമൂല്യമായി കൊണ്ടിരിക്കുന്നു..!”പ്രസക്തമാവുന്ന സാമൂഹ്യ മൂല്യങ്ങളെന്നു പറഞ്ഞാൽ പരസ്പരം സഹായിക്കുക,അതുപോലെ സഹിഷ്ണുത കാണിക്കുക, നല്ല പെരുമാറ്റം, നീതി കാണിക്കുക, ഒരാളെയും അക്രമിക്കാതിരിക്കുക, മറ്റൊരാളുടേത് മോഷ്ടിക്കാതിരിക്കുക,വഞ്ചിക്കാതിരിക്കുക, സത്യസന്ധത ജീവിതത്തിൽ കാത്തു സൂക്ഷിക്കുക, പാവപ്പെട്ടവരെ സംരക്ഷിക്കുക സ്നേഹിക്കുക, മുതിർന്ന ആളുകളെ ബഹുമാനിക്കുക എന്നിങ്ങനെയൊക്കെ യാണല്ലോ.സ്കൂളിൽ അസംബ്ലിയിൽ ചൊല്ലുന്ന ഒരു വാക്കുണ്ട്, *”എല്ലാം ഇന്ത്യക്കാരും നമ്മുടെ സഹോദരി സഹോദരൻമാരാണ്*”മനുഷ്യർക്കിടയിൽ കാത്തുസൂക്ഷിക്കേണ്ട സഹിഷ്ണുതയുടെ ഈ വാക്കുകൾ ഇന്നും കാതുകളിൽ നിന്നും മാഞ്ഞു പോയിട്ടില്ല.അതിനേക്കാൾ വലിയ മൂല്യമേറിയ സാമൂഹ്യ നീതിയുണ്ടോ? എല്ലാ മതത്തിൽപ്പെട്ട ആളുകളെയും ഒരുപോലെ സഹോദരി സഹോദരമാരായി കാണാനും, മതത്തിന്റെയോ ജാതിയുടെയോ പേരിൽ ആരെയും വെറുപ്പോടുകൂടി കാണാതിരിക്കാനുമുള്ള സന്ദേശമാണ് ഇത് വിളിച്ചോതുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുക കാണുക, അവരെ സഹായിക്കുക, സഹായം ചോദിച്ചു വരുന്നവർക്ക് കഴിയുന്ന രീതിയിൽ വേണ്ടത് ചെയ്തു കൊടുക്കുക, വാക്കുകൾ കൊണ്ട് ആരെയും മുറിവേൽപ്പിക്കാതിരിക്കുക, എല്ലാവരോടും പുഞ്ചിരിയോട് കൂടി പെരുമാറുക, ആരെങ്കിലും എപ്പോഴെങ്കിലും എന്തെങ്കിലും വിഷയത്തിൽ ഉപദേശം തേടിയാൽ അവരോട് മാന്യമായി സംസാരിക്കുക ഇതൊക്കെ ഏറെ പ്രാധാന്യമുള്ള സാമൂഹ്യ മൂല്യങ്ങളാണ്, എന്നാൽ ഇന്ന് ഈ മൂല്യങ്ങളെല്ലാം നഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു, ഏത് സാഹചര്യത്തിലാണ് അവയെല്ലാം അമൂല്യമായി മാറിയെന്നു ചോദിച്ചാൽ, അനവധി കാര്യങ്ങളിലേക്ക് കടക്കേണ്ടിവരും, ഒന്നാമതായി പറയുമ്പോൾ വിദ്യഭ്യാസത്തിൽ വന്ന പ്രശ്നങ്ങളും,മൂല്യച്യുതികളും ഓൺലൈൻ സാമൂഹ്യ മാധ്യമങ്ങളുടെ അതി പ്രസരവുമെല്ലാം മുന്നിട്ട് നിൽക്കുന്നുണ്ട്. പരസ്പരം വിശ്വാസം നഷ്ടപ്പെടുന്ന സമീപനങ്ങൾ. എന്തിനെയും മതത്തിന്റെയും ജാതിയുടെയും കണ്ണ് കൊണ്ട് നോക്കിക്കാണുന്ന പ്രവണത.. വളരുന്ന തലമുറകൾക്ക് പകർത്താൻ പറ്റുന്ന സാമൂഹ്യ നന്മകൾ എല്ലാം മരിച്ചു കൊണ്ടിരിക്കുന്നു. മുമ്പ് കാലങ്ങളിൽ നമ്മുടെ സാമൂഹിക പരിസരങ്ങളിൽ നിന്നു തന്നെ നമ്മുടെ മക്കൾക്ക് നന്മകൾ പകർത്താൻ കഴിയുമായിരുന്നു. കൊണ്ടും കൊടുത്തും ഉള്ള സഹകരണങ്ങൾ ഗ്രാമീണ ജീവിത ചുറ്റുപാടിൽ ധാരാളം കാണാമായിരുന്നു. ഒരു വീട്ടിലെ അടുക്കളയിലെ ചകിരിയിലെ തീ കൊണ്ട് അനേകം വീടുകളിൽ അടുപ്പ് പുകഞ്ഞ കാലം. ഫാത്തിമയുടെ വീട്ടിൽ നിന്നും സരോജിനിയുടെ വീട്ടിലേക്കും, അവിടെ നിന്ന് ലതികയുടെ വീട്ടിലേക്കും കൈമാറിയ ഉപ്പിലും മുകളിലും പഞ്ചസാരയിലും എല്ലാം സ്നേഹവും സൗഹൃദവും സഹോദര്യവും നിറഞ്ഞു നിന്നിരുന്നു. ഒരു വീട്ടുകാരുടെ വളപ്പിൽ വിളവെടുത്ത പച്ചക്കറി കൊണ്ട് അനേകം വീടുകളിൽ ഉണ്ടാക്കിയ സാമ്പാറിന് സ്നേഹത്തിന്റെ രുചി ഉണ്ടായിരുന്നു. അന്ന് കല്യാണത്തിന് പന്തൽ ഒരുക്കിയതും ചോറ് വെച്ചതും വിളമ്പുന്നതും എല്ലാം ഒരു ഉത്സവം പോലെ നാട്ടുകാർ ഒരുമിച്ച് ആയിരുന്നു. കടം കൊണ്ട് കുടുങ്ങുന്നവരെ സഹായിക്കാൻ കുറി കല്യാണം വെച്ചു ഉള്ളവനും ഇല്ലാത്തവനും അപ്പോൾ ഉള്ളത് കൊടുത്ത് സഹായിച്ച സ്നേഹത്തിന് പകരം വെക്കാൻ മറ്റെന്തുണ്ട്. കാലം മാറുമ്പോൾ സൗകര്യം കൂടുമ്പോ ബന്ധങ്ങൾ ബന്ധനങ്ങൾ ആവുന്നു. വെറുപ്പിന്റെ മതിലുകൾ തകർക്കപ്പെടണം, സ്നേഹത്തിന്റെ തുരുത്തുകൾ സൃഷ്ടിക്കപ്പെടണം. നല്ല അനുഭവങ്ങളിലൂടെയാണ് ഓരോ നന്മയും കൈമാറ്റം നടക്കുന്നത്. പേരും പെരുമയുമുള്ള സ്‌കൂളിലും കോളേജിലും അഡ്മിഷൻ കിട്ടി എന്നത് കൊണ്ട് മാത്രം ഈ തലമുറ രക്ഷപ്പെടില്ല. സിലബസും പുസ്തകവും അല്ല ജീവിതം പഠിപ്പിക്കുന്നത്. മാതാപിതാക്കളും ചുറ്റിലുമുള്ള സാമൂഹ്യ കാഴ്ച്ചകളുമാണ് അതിന്റെ നിദാനം. ഈ ബോധ്യങ്ങളിൽ നിന്നും പുറകോട്ട് പോവാതിരിക്കനുള്ള ജാഗ്രത നമ്മുടെ സമൂഹത്തിൽ ഉണ്ടാവണം.”നഷ്ടപ്പെട്ടത് വീണ്ടെടുക്കാനും, ഇനിയൊന്നും നഷ്ടമാവാതിരിക്കാനും, ചെയ്യേണ്ടത് നമ്മൾ സ്വയം മാറുവാനും അതിലൂടെ നമ്മുടെ ചുറ്റുമുള്ളവരിലേക്ക് നന്മകൾ പകരാനും സമൂഹത്തോട് നമുക്കുള്ള കടമകൾ സ്വയം നിർവഹിച്ചു നമ്മുടെ കുട്ടികളെ പഠിപ്പിച്ചു കൊടുക്കാനും നാം തയ്യാറായാൽ പരിഹാരം സാധ്യമാണ്. ചിന്തിക്കുക, വിവേകത്തെ കാച്ചിയെടുക്കുക. നന്മകൾ പൂത്തുവിടരട്ടെ…
Highlights: Invaluable social values