ആഘോഷങ്ങൾ പ്രവാസിക്ക് അന്നും ഇന്നും അകലെയാണ്…
ഫൈസി മന്ദലാംകുന്ന്
ഖോർഫുകാനിലെ ഗ്രോസറിയിൽ പണിയെടുക്കുന്ന കാസർഗോഡുകാരൻ സൈദുക്കാക്ക് വയസ്സ് 45 കഴിഞ്ഞു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് പെരുന്നാളിന് ഒന്ന് നാട്ടിൽ കൂടുക എന്നത്. കഴിഞ്ഞ പതിനഞ്ച് കൊല്ലമായിട്ട് അത് നടന്നിട്ടില്ല.
ഒരു ഗ്രോസറിയിൽ നിന്നും കിട്ടുന്ന മാക്സിമം ശമ്പളം 1500 ദിർഹം ആണ് അതിന് മുകളിലേക്ക് പോകുന്നില്ല ഒരു വശത്തേക്കുള്ള ടിക്കറ്റിനു തന്നെ ഇത് തികയുകയില്ല നാട്ടിൽ പോയാൽ മാത്രം പോരല്ലോ ജീവിത ചിലവിന് എന്തെങ്കിലും വേണ്ടേ? തിരിച്ചു വരാൻ ടിക്കറ്റ് എടുക്കണ്ടേ? 700 ദർഹമിന് വരെ പണിയെടുക്കുന്നവർ ഇവിടെ ഉണ്ട് ഏജന്റിന് കൊടുത്ത പൈസയെങ്കിലും തിരിച്ചു കിട്ടിയാൽ നാട് പിടിക്കണമെന്ന് ആഗ്രഹിക്കുന്നവർ.
പക്ഷേ ഇതൊരു കിണറാണ് മോനെ ഇറങ്ങി കഴിഞ്ഞാൽ തിരിച്ചു കയറൽ അത്ര എളുപ്പമല്ല സൈദുക്ക പറഞ്ഞു നിർത്തി.
സിജിയിലെ കോഴിഫാമിൽ പണിയെടുക്കുന്ന ചെറുതുരുത്തിയിലെ അലിക്ക തോബാനിലെ നാത്തൂർ റിയാസ്ക്ക ദൈദ് മീൻ മാർക്കറ്റിലെ കുഞ്ഞുമോൻ ഇവരുടെയൊക്കെ പരാതിയും സങ്കടവും ഇതൊക്കെ തന്നെയാണ് ഒരു ഗ്രോസറി സ്വന്തമായി നടത്തികൊണ്ട് പോകുന്ന ചങ്ങരംകുളത്തുകാരൻ അഷറഫുക്ക പോലും ഈ സങ്കടം പറയുന്നുണ്ട്.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലാണ് പ്രവാസികൾ എന്നത് യഥാർത്യമാണെങ്കിലും ആ പ്രവാസികളുടെ നേരിട്ടുള്ള അവസ്ഥകളാണ് ഇത്. നേരിട്ടു ബോധ്യമുള്ളത്. സീസണിലുള്ള വിമാന കമ്പനികളുടെ അമിതമായ ചാർജ് വർദ്ധനവ് അടിസ്ഥാന വർഗ്ഗത്തിലുള്ള പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതല്ല. അത് കൊണ്ട് തന്നെ പ്രവാസിയുടെ പല മോഹങ്ങളും സ്വപ്നങ്ങളും ഇന്നും പുലരാത്ത സ്വപ്നമായി തന്നെ അവശേഷിക്കുന്നു. നോർക്കയും ലോക കേരള സഭയും മറ്റു നിരവധി സംഘടനകളും പ്രവാസികളുടെ ക്ഷേമത്തിനായി നില നിൽക്കുന്നു എന്ന് പറയുമ്പോഴും നാട്ടിൽ പോകുക കുടുംബത്തോടൊപ്പം ഒത്തു ചേരുക എന്നത് ഒരു അടിസ്ഥാന ആവശ്യമായി നില നിൽക്കുമ്പോഴും ഈ ചാർജ് വർധനവിന് എതിരെ പലയിടത്തു നിന്നും മുറവിളികൾ ഉണ്ടായിട്ടും ഇക്കാര്യത്തിൽ മാത്രം ഒരു നീക്കുപോക്കുകളും ഉണ്ടായിട്ടില്ല. ഈ പറയുന്ന സംഘടനകൾ ഒക്കെ ഇക്കാര്യത്തിൽ നിസ്സഹായരായി പോകുന്നു.
വിദേശ സർവീസുകളെ അകറ്റി നിർത്തിയാലും ഇന്ത്യൻ വിമാനങ്ങളിൽ എയർ ഇന്ത്യ സ്പൈസ് ജെറ്റ് ഇൻഡിഗോ പോലുള്ള കമ്പനികൾ അടക്കം ഈ സമയത്ത് പ്രവാസികളെ ചൂഷണം ചെയ്യുന്നതിൽ മുൻപന്തിയിൽ തന്നെയാണ് എന്നത് ഖേദകരമാണ്. ഇന്ത്യയിലെ വ്യോമയാന മേഖലയിലെ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരമോന്നത സ്ഥാപനമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). വിമാന കമ്പനികളും വിമാനത്താവളങ്ങളും പാലിക്കേണ്ട നിയമങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
എങ്കിലും വിമാനക്കൂലിയിൽ അമിതമായ വർദ്ധനവ് ഉണ്ടായാൽ അത് നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിനുള്ള അധികാരവും അവകാശവും ഡി.ജി.സി.എക്ക് ഉണ്ട്. എത്രത്തോളം അവർ അത് പ്രായോഗിക തലത്തിൽ നടപ്പിലാക്കുന്നുണ്ട് എന്നത് പരിശോധിക്കേണ്ടതാണ്.
ചാർജ് വർധനക്കെതിരെ ഒരു ചലനം ഉണ്ടാക്കാൻ ഈ പറയപ്പെട്ട ഒരു സംഘടനക്കും കഴിഞ്ഞിട്ടില്ല എന്നത് പകൽ പോലെ വ്യക്തമായി നില നിൽക്കുന്നു. പ്രവാസിയിലെ ഈ അടിസ്ഥാന വർഗ്ഗമൊന്നും ഒരു സംഘടനയിലും ഇല്ല ഇവരുടെ അടുക്കലേക്കു ഒരു സംഘടനയും എത്തുന്നുമില്ല. സാമ്പത്തികമായ അരക്ഷിതാവസ്ഥയും ജോലിയിലെ സമ്മർദ്ദവും മൂലം സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സമയം കണ്ടെത്താൻ അവർക്ക് സാധിക്കാറില്ല എന്നതും മറ്റു പലർക്കും പ്രവാസിസംഘടനകളെക്കുറിച്ചോ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചോ വേണ്ടത്ര അവബോധം ഇല്ല എന്നതും ഒരു കാരണമാണ്.
വീഡിയോയിലും ടീവീ ചാനലുകളിലും കാണുന്ന ആ കളർഫുൾ പ്രവാസി ലൈഫ് ഇവരിലേക്ക് എത്താറില്ല. ഓണവും വിഷുവും പെരുന്നാളും അടിച്ചു പൊളിച്ചു ആഘോഷിക്കുന്ന ആ വിഭാഗത്തിൽ ഇവർ ഉൾപ്പെടുന്നില്ല. പല പരിപാടികളും നടക്കുന്നത് ഇവർ അറിയുന്നത് പോലും ഇല്ല. അറിഞ്ഞാൽ തന്നെ എത്തിപ്പെടാൻ വാഹന സൗകര്യങ്ങളോ ജോലിയിൽ നിന്ന് ലീവ് എടുക്കാനോ കഴിയാറില്ല. ചുരുക്കി പറഞ്ഞാൽ ഈ പ്രവാസികൾക്ക് ആഘോഷങ്ങളില്ല. ഇവരുടെയൊക്കെ ആഘോഷം കുടുംബത്തിന്റെ സന്തോഷം മാത്രമാണ് ആ ആകുലതകൾ തീർക്കൽ മാത്രമാണ്.
പത്തും ഇരുപതും വർഷം ഇവിടെ പണിയെടുത്തിട്ടും ഇവരുടെയൊക്കെ അക്കൗണ്ടിൽസ്വന്തമായി ഒരു രൂപ പോലും ഇല്ല എന്നുള്ളത് വേദനിപ്പിക്കുന്ന മറ്റൊരു സത്യമാണ്. കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്ക് ആളുകൾ ജോലി തേടി പോകാൻ തുടങ്ങിയത് 1970-കളിൽ ആണ് 1991 ൽ കേരളത്തിലെ ആദ്യത്തെ ഇന്റർ നാഷണൽ എയർപോർട്ട് ആയി തിരുവനന്തപുരം എയർപോർട്ട് അംഗീകരിക്കപ്പെട്ടു. എന്നാൽ ആദ്യ കാലങ്ങളിൽ ബോംബെ, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങളിൽ നിന്നാണ് ആളുകൾ ഗൾഫ് നാടുകളിലേക്ക് എത്തിയിരുന്നത്. ദിവസങ്ങൾ എടുക്കുന്ന യാത്ര.
എങ്കിലും ഇന്ന് നമുക്ക് എണ്ണം പറഞ്ഞ മൂന്ന് എയർപോർട്ടുകൾ ഉണ്ട്. വേണ്ടത്ര വിമാനങ്ങളും ലഭ്യമാണ് കുറയാത്തത് ടിക്കറ്റ് ചാർജ് മാത്രമാണ്.അതിനിനി ഏത് വാതിലിൽ ആണ് മുട്ടേണ്ടത് എന്നറിയാത്ത അവസ്ഥയും. ബദൽ മാർഗ്ഗങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് വീണ്ടും കപ്പൽ യാത്ര എയർ കേരള എന്ന ചിന്തകളിലേക്ക് മലയാളി പ്രവാസികളെ എത്തിച്ചത്. എയർ കേരള ഈ വർഷം (2025) ജൂണിൽ സർവീസ് ആരംഭിക്കും എന്നതാണ് അവസാനം കിട്ടിയ റിപ്പോർട്ട് എങ്കിലും ഇത് ഗൾഫ് പ്രവാസികളിലേക്ക് എത്താൻ 2026 അവസാനം വരെ കാത്തിരിക്കണം എന്നാണ് പറയുന്നത്.
അമിതമായ ചാർജ് ഈടാക്കാതെ സർവീസ് നടത്താൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് സർക്കാരും പ്രവാസികളും എയർ കേരളയെ കാത്തിരിക്കുന്നത്. എത്രത്തോളം ആശ്വാസകരമാകും എന്നത് കണ്ടു തന്നെ അറിയണം. ഇതൊക്കെയും പ്രതീക്ഷകളാണ് കാത്തിരിപ്പ് ഇനിയും വൈകും എന്നർത്ഥം. ഏറെ കൊട്ടിഘോഷിച്ചു വിളംബരം ചെയ്ത ദുബായ് കൊച്ചി കപ്പൽ സർവീസും കപ്പൽ ലഭ്യമല്ലാത്തതിനാൽ പദ്ധതി പ്രതിസന്ധിയിലായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പ്രവാസിക്കുള്ള വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസും ഇനിയും കഴിഞ്ഞു പോകും അന്നും ഈ മുറവിളികൾ ഇങ്ങനെ തന്നെ ഉയരും.
ജന്മ നാട്ടിൽ ഹർത്താൽ പോലും ആഘോഷം ആകുമ്പോൾ ഇവിടെ കുബ്ബൂസും പരിപ്പ് കറിയും കഴിച്ചു താഴെ കിടന്നു ഉറങ്ങുന്ന നോർത്ത് ഇന്ത്യക്കാരനെ ഉണർത്താതെ ആ ഡബിൾ കട്ടിലിന്റെ മുകളിലേക്ക് കയറാനുള്ള തത്രപ്പാടിലാണ് പ്രവാസി.
ആഘോഷങ്ങൾ അന്നും ഇന്നും പ്രവാസിക്ക് അകലെ തന്നെയാണ്.
Highlights: Celebrations have always been distant for the expatriate – then and now