ഡോ. കെ.എന്‍. എഴുത്തച്ഛന്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതിരുന്ന എഴുത്തുകാരന്‍
പ്രകാശ് നാരായണന്‍ പി
ജീവിതാന്ത്യം വരെ പഠിക്കുകയും വിജ്ഞാനാര്‍ജനത്തിനായി ജീവിതമുഴിഞ്ഞുവെക്കുകയും ചെയ്ത മഹാനായ എഴുത്തുകാരനാണ് ഡോ. കെ.എന്‍. എഴുത്തച്ഛന്‍. മലയാള സാഹിത്യവേദിയില്‍ അര്‍ഹമായ അംഗീകാരം നേടാതിരുന്ന അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതത്തെക്കുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിഹഗ വീക്ഷണം നടത്തുകയാണിവിടെ.
അധ്യാപകന്‍ അന്ത്യം വരെ വിദ്യാര്‍ഥിയായിരിക്കണം എന്ന തത്വം അന്വര്‍ഥമാക്കിയ ഡോ. കെ.എന്‍. എഴുത്തച്ഛന്‍ 1911 മെയ് 11ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ ജനിച്ചു. ചെര്‍പ്പുളശ്ശേരി ഗവ. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവിടുത്തെ അധ്യാപകനായിരുന്ന കുഞ്ഞനെഴുത്തച്ഛനാണ് അദ്ദേഹത്തില്‍ വായനാശീലം വളര്‍ത്തിയത്.
ബന്ധുവായ കെ.എസ്. എഴുത്തച്ഛനും പ്രോത്സാഹിപ്പിച്ചിരുന്നു. സ്‌കൂള്‍ വിദ്യഭ്യാസത്തിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാതിരുന്നതിനാല്‍ അധ്യാപക പരിശീലനം കഴിച്ച് സ്‌കൂള്‍ അധ്യാപകനായി. പിന്നീട് സ്വപ്രയത്‌നത്താല്‍ മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ എം.എ ബിരുദവും, തമിഴ്, ഹിന്ദി ഭാഷയില്‍ സാമാന്യമായ ജ്ഞാനവും നേടി. അധ്യാപന ജോലി കൊണ്ട് ഉപജീവനം വിഷമമായപ്പോള്‍ ബോംബെയില്‍ പോയി ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍ എന്നീ ജോലികള്‍ നോക്കി. പരന്ന വായന അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ‘ഒക്കെ പഠിക്കും ഏതാണ് ചോറു തരിക എന്നറിയില്ലല്ലോ’ അദ്ദേഹം പറയാറുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യത്തെ ലേഖന സമാഹാരം 1956-ല്‍ പ്രസിദ്ധീകരിച്ച ‘കിരണങ്ങള്‍’ ആണ്. തുടര്‍ന്ന് ഇലയും വേരും, കതിര്‍ക്കുല, ഉഴുത നിലങ്ങള്‍, ഏഴിലംപാല, കാലടിപ്പാതകള്‍, മുത്തും പവിഴവും, സമീക്ഷ, ദീപമാല എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. എഴുത്തച്ഛന്റെ ‘അധ്യാത്മരാമായണം ഒരു പഠനം’, ‘സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ തുടങ്ങിയവ ഗവേഷണഗ്രന്ഥങ്ങളാണ്. ഇതുകൂടാതെ ‘കേരളോദയം’ എന്ന സംസ്‌കൃത മഹാകാവ്യവും അദ്ദേഹമെഴുതിയിട്ടുണ്ട്.
ആദ്യകാലത്ത് ആര്‍ഷഭാരത ചിന്തയിലും, മിസ്റ്റിസത്തിലും തല്‍പരനായിരുന്ന എഴുത്തച്ഛന്‍ പിന്നീട് മാര്‍ക്‌സിയന്‍ ചിന്താധാരയിലേക്ക് മാറുകയാണുണ്ടായത്. അതുപോലെതന്നെ കല കലക്കുവേണ്ടി എന്ന വാദത്തെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ‘ഇന്ത്യയില്‍ ഒരു കാലത്തും അത്തരമൊരു വാദം ഉണ്ടായിരുന്നില്ല. ‘പാശ്ചാത്യരും, പൗരസ്ത്യരുമായ ചിന്തകരെല്ലാം കലകളെ ഉല്‍കൃഷ്ടാദര്‍ശനത്തിനുള്ള ഉപകരണമായി കരുതിയിരുന്നു’ അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ സാഹിത്യ വീക്ഷണം വളരെ വിശാലവും ബഹുസ്വരവുമായിരുന്നു. ‘മനുഷ്യനെ പോലെ തന്നെ അവന്‍ നിര്‍മിച്ച സാഹിത്യവും സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ടതാണ്. ഒരൊറ്റ നിയമത്തിന്റെയോ ആശയത്തിന്റെയോ കീഴില്‍ സാഹിത്യത്തെ വിവരിക്കാന്‍ സാധ്യമല്ല.’ കെ.എന്‍. എഴുത്തച്ഛന്‍ അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറയുന്നു. ഒരു സാഹിത്യ കൃതിക്ക് മൂന്ന് തട്ടുകള്‍ ഉണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒന്നാമത്തെ തട്ടില്‍ വൃത്തം, അലങ്കാരം, ധ്വനി, ശബ്ദ സൗരഭ്യം മുതലായവ. രണ്ടാമത്തെ തട്ടില്‍ കഥാപാത്രങ്ങള്‍ നാനാ മുഖമായ മനുഷ്യപ്രവര്‍ത്തികള്‍. മൂന്നാമത്തെ തട്ട് കൃതിപകരുന്ന ജീവിതവീക്ഷണം അഥവാ സന്ദേശമാണ്.
പ്രാചീന സാഹിത്യത്തില്‍ മുങ്ങിത്തപ്പി മുത്തുകള്‍ കണ്ടെത്തിയ അദ്ദേഹം ഋഗ്വേദം തിരുക്കുറല്‍, ചിലപ്പതികാരം, രാമചരിതം, കണ്ണശ്ശ രാമായണം തുടങ്ങിവയെപ്പറ്റി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. രാമചരിതത്തിലെ കാവ്യഭംഗി കണ്ടെത്തിയ അദ്ദേഹം കൃഷ്ണഗാഥയില്‍ പ്രതിഫലിക്കുന്ന മനുഷ്യജീവിത വൈവിധ്യത്തെ അംഗീകരിച്ചിട്ടുണ്ട്. പൗരസ്ത്യ കാവ്യമീമാംസകരുടെ ചിന്തകള്‍- കുന്തകന്റെ വക്രോക്തി സിദ്ധാന്തം മുതലായവ അദ്ദേഹം പഠന വിഷയമാക്കിയിട്ടുണ്ട്.
സംസ്‌കൃത ക്ലാസിക്കുകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ദൗത്യത്തിന്റെ ഭാഗമായി കാളിദാസന്‍, അശ്വഘോഷന്‍ തുടങ്ങിയ കവികളെക്കുറിച്ച് അദ്ദേഹം പഠനം നടത്തുകയുണ്ടായി.
ഗവേഷണ രംഗത്ത് അദ്ദേഹത്തിന്റെ പ്രതിഭ തിളങ്ങുന്നത് ഭാഷാ കൗടിലീയത്തെക്കുറിച്ചുള്ള ലേഖനത്തിലാണ്. ഋഗ്വേദത്തിലെ കാവ്യ ശില്‍പം, ഋഗ്വേദത്തിലെ ഇന്ദ്രന്‍, വേദവും ധര്‍മ്മസൂക്തങ്ങളും തുടങ്ങിയ പഠനങ്ങള്‍ വൈദിക കവിതകളുടെ കാവ്യാത്മകവും, പുരാവൃത്താത്മകവുമായ തലങ്ങളെ അപഗ്രഥിക്കുന്നു. ‘കൂത്തും, കൂടിയാട്ടവും’ എന്ന പഠനം കൂത്ത്, കൂട്ടിയാട്ടം തുടങ്ങിയ ചരിത്ര കലകളെ ശാസ്ത്രീയമായി വിലയിരുത്തുന്നു.
ഡോ. കെ.എന്‍. എഴുത്തച്ഛന്‍ രചിച്ച സംസ്‌കൃത മഹാകാവ്യമാണ് ‘കേരളോദയം.’ അത് മുന്‍കാല മഹാകാവ്യങ്ങളെപ്പോലെ ചരിത്രപുരുഷന്മാരുടെ അപദാനങ്ങളെ വാഴ്ത്തുന്നതല്ല മറിച്ച് കേരളത്തിന്റെ ചരിത്രത്തെ ശാസ്ത്രീയമായും സത്യസന്ധമായും സമീപിക്കുന്നതാണ്. ഈ കാവ്യം, സ്വപ്‌നം, സ്മൃതി, ഐതിഹ്യം, ബോധം, ചരിത്രം എന്നിങ്ങനെ അഞ്ച് മഞ്ജരികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇരുപത്തിയൊന്ന് സര്‍ഗങ്ങളിലായി രണ്ടായിരം ശ്ലോകങ്ങളുള്‍ക്കൊള്ളുന്നതാണ് ഈ കൃതി. ഏതൊരു ചരിത്ര സന്ദര്‍ഭത്തെ വര്‍ണിക്കുമ്പോഴും ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണെന്ന തത്വം അദ്ദേഹം വിസ്മരിച്ചിട്ടില്ല. അതുപോലെതന്നെ ജനജീവിതം ചിത്രീകരിക്കുമ്പോള്‍ അവരുടെ ഇടയില്‍ പ്രചരിച്ചിരുന്ന വിശ്വാസപ്രമാണങ്ങളെ കൂടി അദ്ദേഹം വിവരിച്ചു.
ചെറുകാടിന്റെ ആത്മമിത്രമായിരുന്ന ഡോ. എഴുത്തച്ഛനാണ് തന്നെ മലയാളം വിദ്വാന്‍ പരീക്ഷയ്ക്കിരിക്കാന്‍ പ്രേരിപ്പിച്ചതും സഹായിച്ചതുമെന്ന് തന്റെ ആത്മകഥയായ ‘ജീവിതപ്പാത’യിലെ ഇരുപത്തിമൂന്നാം അധ്യായത്തില്‍ ചെറുകാട് ഓര്‍മിക്കുന്നു. കവി ഗവേഷകന്‍, നിരൂപകന്‍ എന്നിങ്ങനെ ബഹുമുഖപ്രതിഭയായ അദ്ദേഹത്തിന് കലാകേരളം വേണ്ടത്ര അംഗീകാരം നല്‍കിയിട്ടില്ല, മുഖ്യധാര മാധ്യമങ്ങള്‍ അദ്ദേഹത്തെ ഉചിതമായ രീതിയില്‍ ആദരിച്ചില്ല. എത്രതന്നെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും സാഹിത്യത്തിന്റെ വിഭിന്നമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാളികളുടെ മനസില്‍ ജീവിക്കുക തന്നെ ചെയ്യും.
Highlights: Dr. KN Ezhuthachan, the writer who did not get the recognition he deserved