ഹത്യ എന്ന രാഷ്ട്രീയ പ്രവര്‍ത്തനം
ഭാനു കളരിക്കല്‍
കരുത്ത് കൊണ്ട് നേടുന്നതോ കാരുണ്യം കൊണ്ട് നേടുന്നതോ ഏതാണ് സ്ഥായിയായെതെന്ന ചോദ്യം ബുദ്ധന്‍ നേരിടുന്നുണ്ട്. കാരുണ്യം മാത്രമാണ് സ്ഥായിയെന്ന് സ്വാഭാവികമായും ബുദ്ധന്‍ ഉറപ്പിക്കുന്നു. സത്യം അങ്ങനെ ആയിരുന്നിട്ടും വെട്ടിപ്പിടിക്കാനും കരുത്തിന്റെ റിപ്പബ്ലിക്കുകള്‍ സ്ഥാപിക്കുവാനും മനുഷ്യര്‍ അനവരതം ചോരപ്പുഴകള്‍ ഒഴുക്കിക്കൊണ്ടേയിരിക്കുന്നു.
ജനായത്ത റിപ്പബ്ലിക്കുകള്‍ ഉദയം കൊള്ളുന്നതിനു മുന്‍പ് ആയുധം മാത്രമായിരുന്നു രാഷ്ട്ര അതിരുകളേയും നീതിയേയും നിര്‍ണയിച്ചിരുന്നത്. ആയുധബലം എന്തിനും ഏതിനും മറുപടി പറഞ്ഞു. അതിന് കിഴക്കെന്നോ പടിഞ്ഞാറെന്നോ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. ലോകം വെട്ടിപ്പിടിക്കല്‍, ശത്രുവിനെ സായുധമായി ഇല്ലാതാക്കല്‍ ലോകനീതിയായി തുടര്‍ന്നു. അതാകട്ടെ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിലേക്കും ഫാസിസത്തിന്റേയും നാസിസത്തിന്റെയും ജനനത്തിലേക്കും നയിക്കുകയും ലക്ഷക്കണക്കിന് നിരപരാധികളുടെ ഹത്യയിലേക്കും വളര്‍ന്നു.
ഏറ്റവും ആധുനികമായ രാഷ്ട്രതന്ത്രമെന്ന് സ്വയം അവകാശപ്പെട്ട മാര്‍ക്‌സിസത്തിന്റെ നടത്തിപ്പുകാരും ഹത്യാ രാഷ്ട്രസങ്കല്പത്തില്‍ നിന്നും പുറത്ത് വന്നില്ല. അത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഫാസിസത്തിലേക്ക് വളര്‍ന്നു. നാസിസത്തിന്റെ ബൂട്ടില്‍ ചതഞ്ഞരഞ്ഞ കിഴക്കന്‍ യൂറോപ്പ് വിമോചകരായെത്തിയ ചെമ്പടയുടെ ബൂട്ടില്‍ സ്വാതന്ത്ര്യം ലഭിക്കാതെ പിടയുന്ന കാഴ്ചയാണ് പില്‍ക്കാലം കണ്ടത്.
മഹാനായ ലെനിന് വിരുദ്ധാഭിപ്രായങ്ങളെ ചേര്‍ത്തുപിടിക്കാന്‍ കഴിയുമായിരുന്നു. മെന്‍ഷെവിക്കുകള്‍ നേതൃത്വം കൊടുത്ത വിപ്ലങ്ങളില്‍ ബോള്‍ഷെവിക്കുകളും പങ്കാളികളാവുകയും ബോള്‍ഷെവിക്ക് വിപ്ലവങ്ങളില്‍ മെന്‍ഷെവിക്കുകളും പങ്കുചേരുന്ന പ്രതിഭാസം ലോകചരിത്രത്തില്‍ ലെനിന് മാത്രം സ്വന്തം. എന്നാല്‍ സ്റ്റാലിന്‍ യുഗത്തിന് അതസാദ്ധ്യമായിരുന്നു. എതിരഭിപ്രായങ്ങള്‍ പിന്നീടങ്ങോട്ട് ഗളഛേദം ചെയ്യപ്പെട്ടു. പ്രാഗ് വസന്തത്തിലേക്ക് ചെമ്പടയുടെ ടാങ്കറുകള്‍ ഇരച്ചുകയറി. എന്തായിരുന്നാലും വാളുകള്‍കൊണ്ട് സ്ഥാപിതമായതൊന്നും കാലാതിവര്‍ത്തിയായി നിലകൊണ്ടില്ല എന്നതാണ് എവിടേയും ചരിത്രം.
രണ്ടാം ലോകമഹായുദ്ധത്തിനും പുത്തന്‍ ദേശരാഷ്ട്ര നിര്‍മിതികള്‍ക്കും ശേഷം കൂട്ടക്കൊലകള്‍കൊണ്ട് അധികാരത്തെ നിലനിര്‍ത്തിയതില്‍ മുന്നില്‍ നിന്നത് അമേരിക്കയാണ്. യുദ്ധവും കൊള്ളയുമില്ലാതെ അവര്‍ക്ക് മുന്നോട്ട് പോവുക അസാദ്ധ്യമായി. തങ്ങളുടെ ചാരസംഘടനകളെയും യുദ്ധതന്ത്രങ്ങളേയും ഉപയോഗിച്ച് സോവിയറ്റ് യൂണിയന്റെ പതനം മാത്രമല്ല ആഫ്രിക്കയേയും മദ്ധ്യ ഏഷ്യയേയും അവര്‍ നിയന്ത്രിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേര്‍ അമേരിക്കയുടെ ആഫ്രിക്കന്‍ പശ്ചിമേഷ്യന്‍ വിയറ്റ്‌നാം അധിനിവേശങ്ങളില്‍ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഭീകര ഭരണകൂടം തങ്ങളുടേതാണെന്ന് അവര്‍ സ്ഥാപിച്ചെടുത്തു. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ എല്ലായിടത്തും അവര്‍ക്ക് പൊള്ളിയിട്ടുണ്ട്. എല്ലാ രക്തക്കറകളും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രതിമയെ രക്തത്തില്‍ മുക്കിയിരിക്കുന്നു.
താലിബാനില്‍ എല്ലാ യുദ്ധതന്ത്രങ്ങളും പാളിപ്പോവുകയും അമേരിക്ക സാമ്പത്തീക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
വിവിധ നാട്ടുരാജ്യങ്ങളും സംസ്‌ക്കാരങ്ങളുമായി തുണ്ടുകളായി കിടന്ന ഇന്ത്യ എന്ന രാജ്യത്തെ ഒറ്റ രാഷ്ട്രസങ്കല്പത്തിലേക്ക് നടത്തിച്ച മഹാ മാന്ത്രികനായ ഒരു വൃദ്ധനെ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചിട്ടുകൊണ്ടാണ് ഇന്ത്യ എന്ന രാജ്യം തുടങ്ങുന്നത്. തങ്ങള്‍ സ്വപ്‌നംകണ്ട ഹിന്ദുരാഷ്ട്രം എന്ന സ്വപ്‌നത്തെ ദുര്‍ബ്ബലപ്പെടുത്തി എന്ന കുറ്റമാണ് ഗാന്ധിയെ വധിക്കാന്‍ ബ്രാഹ്‌മണിക് ഹിന്ദുത്വവാദിയായ ഗോഡ്‌സേ കാരണമായി കണ്ടത്.
ജീവിച്ചിരുന്ന ഗാന്ധിയേക്കാള്‍ മരിച്ച ഗാന്ധി ഹത്യയുടെ രാഷ്ട്രസങ്കല്പത്തെ മറികടന്നു. എല്ലാവൈകല്യങ്ങളോടെയും ഒരു ദരിദ്ര രാഷ്ട്രം ആ വൃദ്ധന്റെ കൈ പിടിച്ച് നടന്നു. പക്ഷേ ഹത്യകളും തുടര്‍ഹത്യകളും നുണകളും വിദ്വേഷങ്ങളും ഇന്നീ രാജ്യത്തെ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നു. വട്ടക്കണ്ണടയിലൂടെ രാജ്യത്തേയും മനുഷ്യരേയും കണ്ട ആ വൃദ്ധന്‍ വിസ്മൃതിയിലേക്ക് നീങ്ങും തോറും നമ്മുടെ രാജ്യവും തോല്‍വിയിലേക്ക് ചുവടുവെക്കുന്നു. പക്ഷേ യുദ്ധങ്ങള്‍ക്കും കീഴടക്കലുകള്‍ക്കും ചരിത്രത്തില്‍ നീണാള്‍ വാഴ്ചയില്ല.
ബെല്‍ജിയത്തിന്റെ അധികാര താത്പര്യങ്ങള്‍ക്കായി പരസ്പരം വെട്ടിക്കൊന്ന് ലക്ഷങ്ങളുടെ രക്തം വാര്‍ന്നു വീണ റുവാണ്ട എന്ന ആഫ്രിക്കന്‍ രാജ്യം ഇന്നെങ്ങനെയാണോ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും പറുദീസയായി പരിവര്‍ത്തനം ചെയ്യപ്പെട്ടത് എന്നതുപോലെ എല്ലാ കൊടുങ്കാറ്റുകള്‍ക്കും അറുതിവരുന്ന ഒരു കാലമുണ്ട്. മനുഷ്യവംശത്തിന് കൈകോര്‍ത്തിണങ്ങി പാട്ടു പാടിമാത്രമേ മുന്നോട്ട് യാത്ര ചെയ്യാന്‍ സാധിക്കൂ.
ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേതാവായിരുന്ന അന്റോണിയോ ഗ്രാംഷിയാണ് നിഷ്‌ക്രിയ വിപ്ലവം എന്ന ആശയത്തിന് രൂപം നല്‍കിയത്. അധികാരത്തെ ബലപ്രയോഗം കൂടാതെ മറിച്ചിടുക എന്നതാണ് ആ സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത്. അത് നിരന്തരമായ വിപ്ലവമാണ്. ഗാന്ധിയെയാണ് ഗ്രാംഷി മാതൃകയായി ചൂണ്ടിക്കാട്ടിയത്. വരും കാലങ്ങളില്‍ പാസീവ് റെവല്യൂഷന് വളരെ പ്രാധാന്യമുണ്ടെന്ന് തന്നെ ഞാന്‍ കരുതുന്നു.
ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് വ്യാപിക്കുന്ന ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് പടരുന്ന അധികാര രൂപങ്ങള്‍ക്കതീതമായ ഒരു വിപ്ലവം. അത് സിവില്‍ സമൂഹത്തെ ആകമാനം ജനാധിപത്യവത്ക്കരിക്കുന്ന സ്വപ്‌നസമാനമായ വിപ്ലവമാണ്. കാരുണ്യമാണ് സ്ഥായിയായ മനുഷ്യഭാവം എന്ന ബുദ്ധന്റെ കണ്ടെത്തല്‍ പോലെ എല്ലാ ജീവജാലങ്ങള്‍ക്കും സ്വാതന്ത്ര്യം എന്ന അദ്ദേഹത്തിന്റെ ആശയത്തിലേക്കുള്ള വളര്‍ച്ചകൂടിയാണ് ഈ പാസീവ് റെവല്യൂഷന്‍.
Hoighlights: Political act of killing