മയക്കു മരുന്നും രാജ്യത്തിന്റെ ഭാവിയും; പരീക്ഷണങ്ങൾ വഴിതെറ്റിക്കും
ഷെറി വർഗീസ്
മയക്കുമരുന്നിന്റെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. പണ്ടൊക്കെ ഇത് വലിയവരെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളും കോളേജ് വിദ്യാർഥികളും ഇതിന്റെ മായാ വലയത്തിൽ അകപ്പെടുന്ന വാർത്തകൾ പതിവായി തീർന്നിരിക്കുന്നു.
നമ്മുടെ നാട് വിദ്യഭ്യാസത്തിലും സാങ്കേതികവിദ്യയുടെ വളർച്ചയിലും വളരെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴും ചില കുട്ടികളും യുവാക്കളും അനാവശ്യമായ ഈ വഴിയിലേക്ക് വഴുതി വീഴുന്നു. അതിന്റെ പരിണാമങ്ങൾ വളരെ ഭയങ്കരവും ദാരുണവും ആണ്. വിശാലവും ഉജ്ജ്വലവും ആയിരിക്കേണ്ട കുട്ടികളുടെ ഭാവിയുടെ മേൽ ഒരു കരിനീഴൽ പോലെ വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ് ഈ മയക്കുമരുന്ന്. മനസിന് ഒരു താൽകാലിക തൃപ്തിയും വ്യത്യസ്തമായ അനുഭവങ്ങളും നൽകുന്ന ചില രാസപദാർഥങ്ങളാണ് മയക്കുമരുന്നുകൾ.
ഇത് കുറച്ചുനേരത്തേക്ക് മാനസികമായ ചില ആശ്വാസങ്ങൾ നൽകുന്നതായി തോന്നിപ്പിക്കാം എങ്കിലും അതൊരു വലിയ പടുകുഴിയിലേക്കാണ് അവരെ നയിക്കുന്നത്. ചിലർ ഇതൊരു തമാശയായോ ഒരു പരീക്ഷണം ആയോ തുടങ്ങുന്നതാണ്. എന്നാൽ അതൊരു വലിയ പിഴവിന്റെ ആദ്യ ചുവടുവെപ്പ് ആയിരുന്നെന്ന് തിരിച്ചറിയുമ്പോഴേക്കും അവർ അതിന് അടിമകളായിട്ടുണ്ടാകും. ” ഒരുതവണ പരീക്ഷിച്ചു നോക്കൂ”, “അയ്യേ! നിനക്കെന്താ പേടിയാണോ? ” തുടങ്ങിയ ചോദ്യങ്ങൾക്ക് മുന്നിൽ പലരും വീണുപോകുന്ന കുഴി..
ഒരിക്കൽ വീണാൽ ഒരിക്കലും കയറാൻ കഴിയാത്ത പടുകുഴിയിലേക്കാണ് അവർ എടുത്തുചാടുന്നത്. എത്രയോ കുട്ടികളുടെ പഠനവും ഭാവിയും ഇതുമൂലം നശിച്ചിരിക്കുന്നു. കൂട്ടുകാരുടെ സമ്മർദം, കൃത്യമായ അറിവില്ലായ്മ, കുടുംബ പ്രശ്നങ്ങൾ, ചില സാഹസിക പരീക്ഷണ മനോഭാവങ്ങൾ, മാനസിക വിഷാദം എന്നിവയെല്ലാം കുട്ടികളെ ഇതിന് അടിമകൾ ആക്കുവാൻ കാരണമാക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇതുമൂലം ശാരീരികവും മാനസികവുമായി വളരെയേറെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നുണ്ട്.
മസ്തിഷ്കം, ഹൃദയം, വൃക്ക, കരൾ, നാഡികൾ എന്നിവയുടെ പ്രവർത്തനങ്ങളെ ഇത് വളരെ പ്രതികൂലമായി ബാധിക്കുന്നു. ഡിപ്രഷൻ, ദേഷ്യം, ഉന്മാദം, ഉത്കണ്ഠ, നിയന്ത്രണമില്ലാത്ത പെരുമാറ്റം, മറ്റുള്ളവരോടുള്ള ബഹുമാനക്കുറവ്, ആത്മഹത്യാ പ്രവണതകൾ എന്നിവയെല്ലാം ഇതിലൂടെ ഉണ്ടാകുന്നു.
കുട്ടികളിൽ പഠനശേഷിയും ശ്രദ്ധയും നശിക്കുവാൻ ഇത് കാരണമാകുന്നു. തത്ഫലമായി പലരും സ്കൂളിൽ നിന്നും പുറത്താക്കപ്പെടുന്നു. ഇത് അവരുടെ ഭാവി നശിക്കുവാൻ കാരണമാകുന്നു.
കുടുംബ ബന്ധങ്ങൾ തകരുന്നു. മാതാ പിതാക്കൾ, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരുടെ വിശ്വാസവും സ്നേഹവും നഷ്ടപ്പെടുന്നു. ഇതിന്റെ ഉപയോഗം പലതരം കുറ്റകൃത്യങ്ങളിലേക്കും വഴിതിരിക്കുന്നു ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിനായി മോഷണം, തട്ടിപ്പ്, മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾ, കുറ്റവാളികളുമായുള്ള സമ്പർക്കം തുടങ്ങിയവയൊക്കെ ചെയ്യാൻ പ്രേരിതരാക്കുന്നു. ബലാൽസംഗം, കൊലപാതകം തുടങ്ങിയ ക്രൂരകൃത്യങ്ങൾ വരെ ചെയ്യുവാൻ മയക്കുമരുന്നിന്റെ ഉപയോഗം പ്രേരിപ്പിക്കപ്പെടുന്നു.
എന്താണ് നാം ചെയ്യേണ്ടത്
കുട്ടികളെ ഉപദേശിക്കുന്നത് മാത്രമല്ലാതെ സമയമെടുത്ത് അവരെ കേൾക്കാനും അവരോട് സംസാരിക്കാനും സാധിക്കണം. അവരോടൊപ്പം സമയം ചെലവഴിച്ച് തുറന്ന ഹൃദയത്തോടുള്ള സംഭാഷണങ്ങൾ വളർത്തണം. കുട്ടികളുടെ പെരുമാറ്റത്തിലെ ചെറിയ ചെറിയ വ്യതിയാനങ്ങൾ പോലും ശ്രദ്ധിക്കണം. അവരുമായി യാത്രകൾ പോകാം. അവരിൽ വായനാശീലം വളർത്താം. ചില ഹോബികൾ ശീലമാക്കി അവരെ സഹായിക്കാൻ അവരോടൊപ്പം ചേരാം. നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കാം.
യഥാർഥ സൗഹൃദം മയക്കുമരുന്നിനേക്കാൾ വലുതാണെന്ന് അവരെ മനസിലാക്കാം.
സ്കൂളുകളിൽ ഇതിനായി ബോധവൽകരണ ക്ലാസുകൾ നടത്താവുന്നതാണ് സെമിനാറുകൾ സംഘടിപ്പിക്കാം. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ക്ലാസുകളും പരിപാടികളും നടത്താം. ആവശ്യമെങ്കിൽ കൗൺസിലിംഗ് സഹായവും ലഭ്യമാക്കാവുന്നതാണ്.
ഒരു രാജ്യത്തിന്റെ ഭാവി എന്നുള്ളത് കുട്ടികളാണ് അതാണ് ആ രാജ്യത്തിന്റെ സമ്പത്ത്.
അവർക്ക് നാം നൽകുന്ന അറിവും മൂല്യങ്ങളും അവരിൽ വളർത്തുന്ന സ്വപ്നങ്ങളും ഒരു രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നു. അവരെ മയക്കുമരുന്ന് എന്ന നിശബ്ദ യുദ്ധത്തിൽ നിന്നും സംരക്ഷിക്കുക മാത്രമല്ല അതിനായി പ്രവർത്തിക്കേണ്ടത് നമ്മൾ എല്ലാവരുടെയും കടമ കൂടിയാണെന്ന ബോധം എല്ലാവരും വളർത്തണം.
Highlights: Drugs and the future of the country; Experiments will lead astray