ലോകത്തിലാദ്യമായി ചക്ക കൊണ്ടൊരു ചിത്രം, താരരാജാവിന് പിറന്നാൾ സ്നേഹമായി പ്ലാവിൻ തോട്ടത്തിലെ ചക്കചിത്രം
തൃശൂർ(Thrissur): വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള , ചക്കക്കുരു , ചക്കപ്പോള, ചക്കമടല്‍ , അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്തപ്പോള്‍ ലാലേട്ടന്‍റെ മുഖം റെഡി – പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും…. അറുപത്തഞ്ചാം പിറന്നാളാഘോഷിക്കുന്ന മലയാളത്തിന്റെ സൂപ്പർതാരം മോഹലാലിന്റെ
ചിത്രം ചെയ്തിരിക്കുന്നതോ അറുപത്തഞ്ച് ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിനു നടുവിലും.
തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറ്റി ഏഴാം മീഡിയമായ ചക്കചിത്രം ജനിക്കുന്നത്.
എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ചു അതില്‍ മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്ത് ആണ് ചക്ക ചുളകള്‍ നിരത്തുന്നത്. യു.എന്‍ അവാര്‍ഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻ തോട്ടമായ ആയുര്‍ ജാക്ക് ഫാമിലെ തൊഴിലാളികളും ക്യാമാറമെന്‍ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയും ആണ് ഡാവിഞ്ചി സുരേഷിന് സഹായികളായി ഉണ്ടായിരുന്നത്.
അഞ്ചു മണിക്കൂര്‍ സമയമാണ് ഇതിനായി ചിലവഴിച്ചത് ഏകദേശം ഇരുപതു ചക്കയോളം ഇതിനായി ഉപയോഗിച്ചു. അപൂര്‍വ്വമായി മാത്രം കിട്ടുന്ന ചുവന്ന ചക്കയാണ് ഈ ചിത്രം ചെയ്യാനുള്ള പ്രചോദനമായതെന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തില്‍ ഒടുവിലാണ് ആയുര്‍ ജാക്ക് ഫാമിലെ വര്‍ഗ്ഗീസ് തരകന്റെ പിന്തുണയോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ പറ്റിയതെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. സേവ്യര്‍ ചിറ്റിലപ്പള്ളി എം.എൽ.എയും ചക്കച്ചുളകളാൽ തീർത്ത മലയാളത്തിന്റെ താരരാജാവിന്റെ വിസ്മയ ചിത്രം കാണാനെത്തിയിരുന്നു.
Highlights: A picture of jackfruit from Plavin’s garden as a birthday present for the star