കൊൽക്കത്തയിൽ പകരക്കാരനായി വന്നു, ഇപ്പോൾ ആർസിബിയിൽ പകരം വെയ്ക്കാനില്ലാത്തവൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ ക്വാളിഫയറിൽ കടന്നിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് തകർന്നടിയുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടത്. 14.1 ഓവറിൽ 101 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു.
ഒരു നിമിഷം ആരാധകർ കുറച്ച് ദിവസങ്ങൾ പിന്നിലേക്ക് പോയി. സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – പഞ്ചാബ് കിങ്സ് മത്സരം നടന്ന മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലായിരുന്നു ആദ്യ ക്വാളിഫയർ. അന്ന് പഞ്ചാബ് 111 റൺസെടുത്തപ്പോൾ കൊൽക്കത്ത 95 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. ആർസിബി ആരാധകർ ഭയപ്പെട്ടു. കൈൽ ജാമിസണിന്റെ പന്തുകൾ സ്വിങ് ചെയ്യുന്നത് കണ്ടപ്പോൾ ആ ഭയം ഇരട്ടിയായി. പക്ഷേ ആർസിബിക്ക് അവിടെയൊരു രക്ഷകൻ ഉണ്ടായിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഓപണർ ഫിൽ സോൾട്ട്.
ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ 27 പന്തിൽ പുറത്താകാതെ 56 റൺസുമായി സോൾട്ടിന്റെ വെടിക്കെട്ട്. എട്ട് വിക്കറ്റ് വിജയത്തോടെ ആർസിബി ഫൈനലിലേക്ക്. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച തുടക്കങ്ങൾ നൽകിയ ഓപ്പണർ. ജേസൺ റോയ്ക്ക് പകരമായാണ് ഫിൽ സോൾട്ട് കൊൽക്കത്തയിലെത്തിയത്. 12 മത്സരങ്ങളിൽ നിന്ന് 435 റൺസാണ് അടിച്ചു കൂട്ടിയത്. കൊൽക്കത്തയുടെ കിരീടവിജയത്തിൽ നിർണായക സാന്നിധ്യമായി. താരലേലത്തിൽ സോൾട്ടിനെ തിരികെയെത്തിക്കാൻ കൊൽക്കത്ത പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ 11.50 കോടി രൂപ മുടക്കി സോൾട്ടിനെ ആർസിബി സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്തയിൽ പകരക്കാരനായി വന്നവൻ ഇപ്പോൾ ആർസിബിയിൽ പകരം വെയ്ക്കാനില്ലാത്തവൻ.
Highlights: Came in as a replacement in Kolkata, now irreplaceable in RCB