Sports

ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത് ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും ഇല്ലാത്ത അപൂർവ്വ റെക്കോര്‍ഡ്

ഐപിഎല്ലില്‍ 11 വര്‍ഷത്തിനുശേഷം പഞ്ചാബ് കിംഗ്സിനെ ഫൈനലിലെത്തിച്ചതോടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത് അപൂർവ്വ റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെലെത്തിക്കുന്ന ഒരേയൊരു ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ഇന്നലെ മുംബൈയെ വിഴ്ത്തിയതിലൂടെ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം ക്യാപ്റ്റനായിരിക്കെ മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയുമാണ് ശ്രേയസ് ഐപിഎല്‍ ഫൈനലിലെത്തിച്ചത്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് 2020ലാണ് ടീമിനെ ഫൈനലിലെത്തിച്ചത്. അന്ന് ഫൈനലില്‍ പക്ഷെ മുംബൈക്ക് മുന്നില്‍ ഡല്‍ഹിക്കും ശ്രേയസിനും അടിയറവ് പറയേണ്ടിവന്നിരുന്നു. ആ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയാണ് ശ്രേയസ് ഇന്നലെ അഹമ്മദാബാദില്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെ നേടിയ ജയം.

2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലില്‍ എത്തിച്ച ശ്രേയസ് കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്തക്ക് മൂന്നാം കിരീടം സമ്മാനിക്കുകയും ചെയ്തിരുന്നു.18 വര്‍ഷത്തെ ഐപിഎൽ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് പഞ്ചാബ് ഐപിഎല്ലില്‍ ഫൈനലിന് യോഗ്യത നേടുന്നത്. 2008ലെ ആദ്യ സീസണിൽ സെമിയിലെത്തിയ പഞ്ചാബ് 2014ൽ ഫൈനലിലെത്തിയെങ്കിലും കൊല്‍ക്കത്തക്ക് മുമ്പില്‍ അടിതെറ്റി വീഴുകയായിരുന്നു.

നാളെ ആര്‍സിബിയെ വീഴ്ത്തി പഞ്ചാബിന് ഐപിഎല്‍ കിരീടം സമ്മാനിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ശ്രേയസിന് സ്വന്തമാവും. കഴിഞ്ഞ സീസണില്‍ കിരീടം സമ്മാനിച്ചിട്ടും ശ്രേയസിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ടീം മാനേജ്മെന്‍റ് തയ്യാറായിരുന്നില്ല. ലേലത്തില്‍ ശ്രേയസിനായി ടീമുകള്‍ വാശിയോടെ രംഗത്തെത്തിയപ്പോള്‍ 10 കോടി കടന്നതോടെ കൊല്‍ക്കത്ത ശ്രേയസിനെ കൈവിടുകയും ചെയ്തിരുന്നു

Highlights: Shreyas has achieved a rare record that no other captain in the IPL has.

error: