ഓസിസിനോടുള്ള ഇന്ത്യയുടെ ജയം പാക്കിസ്ഥാനുള്ള തിരിച്ചടി, ഫൈനല്‍ മത്സരം നടക്കുക ദുബായില്‍
പാക് സ്റ്റേഡിയവും ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന്പുറത്തായി,
ദുബായ്: ഇന്ത്യ ഫൈനലിലെത്തിയതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും ജയിക്കാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ആതിഥേയരായ പാക്കിസ്ഥാന് മറ്റൊരു തിരിച്ചടിയും കൂടി നല്‍കിയാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയില്ലെങ്കില്‍ ഫൈനല്‍ നടക്കേണ്ടത് പാക്കിസ്ഥാന്‍ സ്റ്റേഡിയത്തിലാണെന്നിരിക്കെ ഇനി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ സ്റ്റേഡിയവും ഇല്ലാതായി. ആഭ്യന്തര സംഘര്‍ഷം മൂലം പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ച ഇന്ത്യയുടെ മത്സരം ദുബായിലാണ് നടന്നിരുന്നത്. ഓസീസ്-ഇന്ത്യ സെമിപോരാട്ടവും ദുബായിലായിരുന്നു. ഇന്ത്യ ഫൈനലിലെത്തിയാല്‍ മത്സരം ദുബായിലാകുമെന്ന് ഐ.സി.സിയും പാക് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ഫൈനലില്‍ ഇന്ത്യ ഇല്ലെങ്കില്‍ ലാഹോറിലാണ് ഫൈനല്‍ നടത്താന്‍ പി.സി.ബി തീരുമാനിച്ചിരുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുംമുമ്പ് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി വന്‍ തുക പി.സി.ബി ചെലവഴിക്കുകയും ചെയ്തിരുന്നു. ആതിഥേയരായിട്ടും ഫൈനല്‍ മത്സരം സംഘടിപ്പിക്കാനാകാത്തത് രാജ്യത്തെ ആരാധകരെ സംബന്ധിച്ച് നിരാശയാണ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുമുണ്ട്. ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലിലെത്തിയതിന് പിന്നാലെ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 9 ന് നടക്കാനിരിക്കുന്ന ഫൈനല്‍ പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. 12 വിഭാഗങ്ങളിലുള്ള ടിക്കറ്റുകളാണ് വില്‍പനയ്ക്കെത്തിയിരുന്നത്. ഇതില്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള ടിക്കറ്റുകള്‍ പോലും മിനിറ്റുകള്‍ക്കകം വിറ്റഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു