Sports

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ

ദക്ഷിണാഫ്രിക്കയുടെ തോൽവി 50 റൺസിന്

ലാഹോർ: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തകർത്താണ് കിവീസ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഈമാസം ഒമ്പതിന് ദുബൈയിലാണ് ഫൈനൽ.

ഗ്രൂപ്പ് റൗണ്ടിൽ ന്യൂസിലൻഡിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പ്രോട്ടീസിന് 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 312 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയാണ് കളിയിലെ താരം. പ്രോട്ടീസ് ഇന്നിങ്സിന്‍റെ അവസാന പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഡേവിഡ് മില്ലറാണ് ടീമിന്‍റെ ടോപ് സ്കോറർ.

67 പന്തിൽ നാലു സിക്സും 10 ഫോറുമടക്കം 100 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. നായകൻ ടെംബ ബാവുമ, റസീ വാൻഡർ ഡസൻ എന്നിവർ അർധ സെഞ്ച്വറി നേടി. ഡസൻ 66 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 69 റൺസെടുത്തു. ബാവുമ 71 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 56 റൺസെടുത്താണ് പുറത്തായത്.

റയാൻ റിക്കൽട്ടൺ (12 പന്തിൽ 17), എയ്ഡൻ മാർക്രം (29 പന്തിൽ 31), ഹെൻറിച് ക്ലാസൻ (ഏഴു പന്തിൽ മൂന്ന്), വിയാൻ മൾഡർ (13 പന്തിൽ എട്ട്), മാർകോ ജാൻസെൻ (ഏഴു പന്തിൽ മൂന്ന്), കേശവ് മഹാരാജ് (നാലു പന്തിൽ ഒന്ന്), കഗിസോ റബാദ (22 പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രണ്ടു റൺസുമായി സാന്‍റനർ പുറത്താകാതെ നിന്നു.

കിവീസിനായ മിച്ചൽ സാന്‍റനർ 10 ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മാറ്റ് ഹെൻറി, ഗ്ലെൻ ഫിലിപ്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും മിച്ചൽ ബ്രേസ്വെൽ, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസിന് ഓപ്പണർ രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

101 പന്തിൽ 13 ഫോറും ഒരു സിക്സും ഉൾപ്പെടെ 108 റൺസെടുത്ത രചിനാണ് ടീമിന്‍റെ ടോപ് സ്കോറർ. വില്യംസൻ 94 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 102 റൺസെടുത്തു. ഐ.സി.സി ടൂർണമെന്റുകളിൽ രചിന്റെ അഞ്ചാമത്തെയും വില്യംസന്റെ നാലാമത്തെയും സെഞ്ച്വറിയാണിത്.

രണ്ടാം വിക്കറ്റിൽ ഇരുവരും 154 പന്തിൽ അടിച്ചുകൂട്ടിയ 164 റൺസാണ് ന്യൂസിലൻഡ് ഇന്നിങ്സിന്റെ നട്ടെല്ല്. ഡാരിൽ മിച്ചൽ (37 പന്തിൽ 49), ഗ്ലെൻ ഫിലിപ്സ് (27 പന്തിൽ 49), ഓപ്പണർ വിൽ യങ് (23 പന്തിൽ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

മൈക്കൽ ബ്രേസ്‌വെൽ (12 പന്തിൽ 16 റൺസ്), ടോം ലാതം (അഞ്ച് പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മിച്ചൽ സാന്റ്നർ ഒരു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എൻഗിഡി 10 ഓവറിൽ 72 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ രണ്ടും വിയാൻ മുൾഡറിൻ ഒരു വിക്കറ്റും നേടി.

error: