Sports

ഇനിയൊരു ഓസീസ് പര്യടനത്തിന് സാധ്യതയില്ലെന്ന് വിരാട് കോലി

ബെംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് നിർണായക സൂചന നൽകി വിരാട് കോലി. ഇനിയൊരു ഓസീസ് പര്യടനത്തിന് സാധ്യത ഇല്ലെന്നും ഇക്കഴിഞ്ഞ ബോർഡർ-ഗാവസ്കർ പരമ്പര ഓസ്ട്രേലിയയിലെ തൻറെ അവസാന ടെസ്റ്റ്
പരമ്പരയായേക്കുമെന്നും കോലി ആർസിബിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൻറെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയിട്ടും അഞ്ച് ടെസ്റ്റിൽ ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 23.75 ശരാശരിയിൽ ആകെ190 റൺസ് മാത്രമായിരുന്നു കോലി നേടിയത്.

അടുത്ത ഓസ്ട്രേലിയൻ പര്യടനത്തിന് ഇനിയും മൂന്നോ നാലോ വർഷം കൂടി കാത്തിരിക്കേണ്ടിവന്നേക്കാം. അതുകൊണ്ട് തന്നെ ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഞാനുണ്ടാകാനിടയില്ല. കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ സംഭവിച്ച പിഴവുകൾ തിരുത്തുക എന്നത് ഇനി സാധ്യമുള്ള കാര്യവുമല്ല. സംഭവിച്ചതെല്ലാം അതേരീതിയിൽ തന്നെ ഉൾക്കൊള്ളുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ പിഴവുകളായിരുന്നു എന്നെ ഏറെക്കാലം വേട്ടയാടിയത്. എന്നാൽ അത് 2018ൽ തിരുത്താനായിരുന്നു. അതുപോലെയല്ല ഓസ്ട്രേലിയൻ പര്യടനത്തിൽ സംഭവിച്ച പിഴവുകളുടെ കാര്യം.

എന്നാൽ ഓസ്ട്രേലിയയിൽ തിളങ്ങാനാവാതെ പോയതിൽ നിരാശയില്ല. പറ്റിയ തെറ്റുകളെക്കുറിച്ച് ചിന്തിച്ചിരുന്നാൽ അത് നമ്മളിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കും. അതാണ് ഓസ്ട്രേലിയയിലും എനിക്ക് സംഭവിച്ചത്. ആദ്യ ടെസ്റ്റിൽ ഞാൻ മികച്ച സ്കോർ നേടിയിരുന്നു. ഞാൻ കരുതി, കൊള്ളാം, ഇനി നന്നായി കളിക്കാമെന്ന്. എന്നാൽ പിന്നീട് വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ നടന്നത്. എന്നാൽ ആ നിരാശകളെ ഉൾക്കൊള്ളുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. സംഭവിച്ചതിനെക്കുറിച്ച് ചിന്തിച്ചിരുന്നിട്ട് കാര്യമില്ലല്ലോ എന്നും കോലി പറഞ്ഞു.

വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് കോലി നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. നേട്ടങ്ങൾക്കോ റെക്കോർഡുകൾക്കോ വേണ്ടിയല്ല താൻ കളിക്കുന്നതെന്നും കളി ആസ്വദിക്കാനാവുന്നതിനാലാണെന്നും കോലി പറഞ്ഞു. എത്രകാലം കളി ആസ്വദിക്കാനും അതിൽ നിന്ന് സന്തോഷം കണ്ടെത്താനും കഴിയുന്നുവോ അത്രയും കാലം കളി തുടരണമെന്നാണ് ആഗ്രഹം. വിരമിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കൂടുതൽ യാത്ര ചെയ്യാനാണ് സാധ്യതയെന്നും മുപ്പത്തിയാറുകാരനായ കോലി പറഞ്ഞു.

error: