പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിൽ ന്യൂസിലൻഡിന് വിജയലക്ഷ്യം
ഡ്യുനെഡിൻ: പാക്കിസ്ഥാനെതിരായ രണ്ടാം ടി20യിൽ ന്യൂസിലൻഡിന് 136 റൺസ് വിജയലക്ഷ്യം. ഡ്യുനെഡിൻ, യൂണിവേഴ്സിറ്റി ഓവലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാന് ഒമ്പത് വിക്കറ്റുകൾ നഷ്ടമായി. മഴയെ തുടർന്ന് ടോസ് വൈകിയതിന് പിന്നാലെ മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു. ക്യാപ്റ്റൻ സൽമാൻ അഗ (46), ഷദാബ് ഖാൻ (26), ഷഹീൻ അഫ്രീദി (14 പന്തിൽ പുറത്താവാതെ 22) എന്നിവരുടെ ഇന്നിംഗ്സുകളാണ് പാകിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇഷ് സോധി, ജേക്കബ് ഡഫി, ബെൻ സീർസ്, ജെയിംസ് നീഷം എന്നിവർ ന്യൂസിലൻഡിന് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആതിഥേയരായ ന്യൂസിലൻഡ് 1-0ത്തിന് മുന്നിലാണിപ്പോൾ.
സ്കോർ സൂചിപ്പിക്കും പോലെ തകർച്ചയോടെയായിരുന്നു പാക്കിസ്ഥാന്റെ തുടക്കം. ആദ്യ ഓവറിൽ തന്നെ പാക്കിസ്ഥാന് ഒന്നാം വിക്കറ്റ് നഷ്ടമായി. സ്കോർബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ ഹസൻ നവാസ് (0) മടങ്ങി. ഡഫിയുടെ പന്തിൽ മാർക്ക് ചാപ്മാന് ക്യാച്ച്. നാലാം ഓവറിൽ രണ്ടാം വിക്കറ്റും വീണു. മുഹമ്മദ് ഹാരിസിനെ (11) സീർസ് മടക്കുകയായിരുന്നു. തുടർന്നെത്തിയ ഇർഫാൻ ഖാൻ (11), ഖുഷ്ദിൽ ഷാ (2) എന്നിവരെ ഒരേ ഓവറിൽ സോധി മടക്കിയതോടെ നാലിന് 52 എന്ന നിലയിൽ തകർന്നു പാക്കിസ്ഥാൻ.
അധികം വൈകാതെ അൽപമെങ്കിലും ചെറുത്തുനിന്ന അഗയും പവലിയനിൽ തിരിച്ചെത്തി. മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു അഗയുടെ ഇന്നിംഗ്സ്. അദ്ബുൾ സമദ് (11), ജഹാൻദാദ് ഖാൻ (0) എന്നിവർക്കും തിളങ്ങാൻ സാധിച്ചില്ല. ഹാരിസ് റൗഫ് (1) അവസാന പന്തിൽ റണ്ണൗട്ടായി. ഇതിനിടെ ഷഹീൻ, ഷദാബ് എന്നിവരുടെ ഇന്നിംഗ്സ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം.