Sports

ബാറ്റിംഗ് വെടിക്കെട്ടുമായി വീണ്ടും ന്യൂസിലന്‍ഡ്, നാലാം ടി20യിലും പാക്കിസ്ഥാന് കൂറ്റൻ വിജയലക്ഷ്യം

ബേ ഓവല്‍: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് 221 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണർ ഫിന്‍ അലന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ച്വറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. 20 പന്തില്‍ 50 റണ്‍സടിച്ച ഫിന്‍ അലനാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ടിം സീഫർട്ട് 22 പന്തില്‍ 44 റണ്‍സടിച്ചപ്പോള്‍ നായകന്‍ മൈക്കല്‍ ബ്രേസ്‌വെല്‍ 26 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് 27 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. സീഫര്‍ട്ടും ഫിൻ അലനും തകര്‍ത്തടിച്ചതോടെ ന്യൂസിലന്‍ഡ് നാലോവറില്‍ 59 റണ്‍സിലെത്തി. സീഫര്‍ട്ടിനെ പുറത്താക്കിയ ഹാരിസ് റൗഫാണ് പാക്കിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മൂന്നാം നമ്പറിലിറങ്ങിയ ചാപ്മാനെ(16 പന്തി‌ൽ 24) കൂട്ടുപിടിച്ച് അലന്‍ തകര്‍ത്തടിച്ചതോടെ കിവീസ് എട്ടോവറില്‍ 108ല്‍ എത്തി.

ചാപ്യൻമാന്‍ പുറത്തായശേഷം ഷദാബ് ഖാന്‍റെ ഒരോവറില്‍ 23 റണ്‍സടിച്ച അലന്‍ 19 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. തൊട്ടടുത്ത പന്തില്‍ അലന്‍ പുറത്താവുമ്പോള്‍ ന്യൂസിലന്‍ഡ് 10 ഓവറില്‍ 134 റണ്‍സിലെത്തിയിരുന്നു. ഡാരില്‍ മിച്ചലും(23 പന്തില്‍ 29) ജെയിംസ് നീഷാമും(3) മിച്ചല്‍ ഹേയും(3) വലിയ സ്കോര്‍ നേടാതെ പുറത്തായതോടെ ന്യൂസിലന്‍ഡ് സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബ്രേസ്‌വെല്‍ ആണ് കിവീസിനെ 220ല്‍ എത്തിച്ചത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട്  കളികളില്‍ ന്യൂസിസലന്‍ഡ് ജയിച്ചപ്പോള്‍ മൂന്നാം മത്സരം പാക്കിസ്ഥാന്‍ ജയിച്ചിരുന്നു.

Highlights: new zealand vs pakistann 4th t20i new zealand pots 221 runs target for pakistan

error: