“#269, സൈനിംഗ് ഓഫ്!!”…ഇനിയില്ല! ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരാട് കോലി വിരമിച്ചു
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. താരം വിരമിക്കൽ സന്നദ്ധത ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. സമൂഹ മാധ്യമത്തിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് 14 വർഷം നീണ്ട ടെസ്റ്റ് കാരിയാറിനോട് വിട പറയുന്നതായി കോലി പ്രഖ്യാപിച്ചത്. തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാൽ ഉചിതമായ സമയത്താണെന്നും താരം പങ്കിട്ട കുറിപ്പിൽ പറയുന്നു.
ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയാണ് വിരാട് കോലി. 36 കാരനായ കോഹ്‌ലി 123 ടെസ്റ്റുകളിൽ നിന്ന് 46.85 ശരാശരിയിൽ 9230 റൺസ് നേടിയിട്ടുണ്ട്, അതിൽ പകരം വെക്കാനാവാത്ത 30 സെഞ്ച്വറികൾ ഉൾപ്പെടുന്നു
കോലി സമൂഹമാധ്യമത്തിൽ പങ്കിട്ട പോസ്റ്റിന്റെ പൂർണ രൂപം:
“ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ ഇങ്ങനെയൊരു യാത്രയിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അത് എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവൻ ഞാൻ കൊണ്ടുപോകേണ്ട പാഠങ്ങൾ എന്നെ പഠിപ്പിച്ചു.
“വെള്ള ജേഴ്സി ധരിക്കുന്നതിൽ വളരെ വ്യക്തിപരമായ എന്തോ ഒന്ന് ഉണ്ട്. നിശബ്ദമായ തിരക്കുകൾ, നീണ്ട ദിവസങ്ങൾ, ആരും കാണാത്തതും എന്നാൽ എന്നെന്നേക്കുമായി നിലനിൽക്കുന്നതുമായ ചെറിയ നിമിഷങ്ങൾ.
“ഈ ഫോർമാറ്റിൽ നിന്ന് ഞാൻ പിന്മാറുമ്പോൾ, അത് എളുപ്പമല്ല – പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. എന്റെ കൈവശമുള്ളതെല്ലാം ഞാൻ ടെസ്റ്റിന് നൽകി, ഞാൻ പ്രതീക്ഷിച്ചതിലും വളരെയധികം അത് എനിക്ക് തിരികെ നൽകി.”
“കളിക്ക്, ഞാൻ മൈതാനം പങ്കിട്ട ആളുകൾക്ക്, വഴികളിൽ എന്നെ രൂപപ്പെടുത്തിയ ഓരോ വ്യക്തിക്കും – ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഞാൻ പോകുന്നത്.
“എന്റെ ടെസ്റ്റ് കരിയറിലേക്ക് ഞാൻ എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കും. #269, സൈനിംഗ് ഓഫ്.”
Highlights: Virat Kohli retires from Test cricket