ക്ലബ് ചരിത്രത്തിലെ ആദ്യ കിരീട വിജയം; ചരിത്രം കുറിച്ച് ക്രിസ്റ്റൽ പാലസ്
ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് കിരീടം സ്വന്തമാക്കി ക്രിസ്റ്റൽ പാലസ്. മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ക്രിസ്റ്റൽ പാലസ് ചാംപ്യന്മാരായത്. എബെറെച്ചി എസെയാണ് ക്രിസ്റ്റൽ പാലസിനായി ഗോൾ നേടിയത്. ക്രിസ്റ്റൽ പാലസ് ഫുട്ബോൾ ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീട വിജയമാണിത്. മത്സരത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളാണ് പന്ത് നിയന്ത്രിച്ചിരുന്നത്.
പലതവണ ഗോൾമുഖത്തേയ്ക്കെത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് തടസമായത് ക്രിസ്റ്റൽ പാലസ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സന്റെ തകർപ്പൻ പ്രകടനമാണ്. മത്സരത്തിന്റെ 16-ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസിന് ലഭിച്ച അപൂർവ്വ അവസരങ്ങളിലൊന്ന് എബെറെച്ചി എസെ വലയിലാക്കി. പിന്നാലെ സമനില ഗോളിനായി 35-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി അവസരം മാഞ്ചസ്റ്റർ സിറ്റിയുടെ ഒമർ മാർമൗഷ് നഷ്ടമാക്കി. താരത്തിന്റെ ഷോട്ട് തകർപ്പൻ സേവിലൂടെ ക്രിസ്റ്റൽ പാലസ് ഗോൾകീപ്പർ തടയുകയായിരുന്നു.
രണ്ടാം പകുതിയിൽ ക്രിസ്റ്റൽ പാലസിനായി ഡാനിയേൽ മുനോസ് ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് നിയമത്തിൽ കുരുങ്ങി ഗോൾ നഷ്ടമാകുകയായിരുന്നു. 76-ാം മിനിറ്റിൽ മാർമൗഷിന് പകരം അർജന്റീനൻ യുവതാരം ക്ലൗഡിയോ എച്ചവേരി മാഞ്ചസ്റ്റർ സിറ്റിക്കായി അരങ്ങേറ്റം കുറിച്ചു. നിശ്ചിത സമയത്തും 10 മിനിറ്റോളം നീണ്ടുനിന്ന അധികസമയത്തും സമനില ഗോൾ കണ്ടെത്താൻ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞില്ല. ഇതോടെ മത്സരത്തിൽ ക്രിസ്റ്റൽ പാലസ് വിജയിക്കുകയായിരുന്നു.
Highlights: Crystal Palace make history by winning the first title in club history