Sports

ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ പിന്മാറും; നിര്‍ണായക നീക്കത്തിനൊരുങ്ങി ബിസിസിഐ

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിര്‍ണായക നീക്കത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 2025ലെ ഏഷ്യാ കപ്പില്‍ നിന്നും പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന വനിതാ എമേര്‍ജിങ് ടീംസ് ഏഷ്യാകപ്പില്‍ നിന്നും ഇന്ത്യന്‍ ടീമുകള്‍ പിന്മാറുമെന്ന കാര്യം ഐസിസിയെ ബിസിസിഐ അറിയിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാനുമായി സമീപകാലത്ത് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബിസിസിഐ കടുത്ത തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയാണ് നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിലിനെ നയിക്കുന്നത്.

‘പാകിസ്ഥാൻ മന്ത്രി തലവനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് കളിക്കാന്‍ കഴിയില്ല. അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേര്‍ജിംഗ് ടീമുകൾ ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങള്‍ എസിസിയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ അവരുടെ പരിപാടികളിലെ ഞങ്ങളുടെ ഭാവി പങ്കാളിത്തവും നിര്‍ത്തിവച്ചിരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്’ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Highlights: India will withdraw from Asia Cup; BCCI prepares for decisive move

error: