ശുഭ്മാന്‍ ഗില്‍ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, റിഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍
ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായരും സായി സുദര്‍ശനും ടീമിൽ
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്‍ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. കാത്തിരിപ്പിനൊടുവില്‍ കരുണ്‍ നായര്‍ വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംനേടി. ഇന്ത്യയുടെ 37-ാമത് ടെസ്റ്റ് ക്യാപ്റ്റനാണ് ഗില്‍. ഇംഗ്ലണ്ടിനെതിരെ 18 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മുംബൈയില്‍ നടന്ന സീനിയര്‍ സെലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷമാണ് ബിസിസിഐ പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
സായി സുദര്‍ശനും അര്‍ഷ്ദീപ് സിങും ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടംനേടി. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ടീമില്‍ ഇടംലഭിച്ചില്ല. ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരനും ടീമില്‍ ഇടംലഭിച്ചു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തന്നെയാണ് പേസ് ബോളിങിന് നേതൃത്വം നല്‍കുക. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ജൂണ്‍ 20നാണ് ടെസ്റ്റ് പരമ്പരയ്ക്ക് ഇംഗ്ലണ്ടില്‍ തുടക്കമാവുക.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (C), റിഷഭ് പന്ത്(VC), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായി സുദര്ശന്, അഭിമന്യൂ ഈശ്വരന്, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
Highlights: Shubman Gill is the new Test team captain, Rishabh Pant is the vice-captain.