ഈ അധ്യായം കഴിഞ്ഞു; കഥ തുടരും’; ക്രിസ്റ്റ്യാനോ അല്‍ നസര്‍ വിടുന്നു? കുറിപ്പുമായി താരം
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ വിടുന്നുവെന്ന് സൂചന. അല്‍ നസറിന്റെ ജഴ്സിയിട്ട് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് താരം ഇത്തരത്തിലുള്ള സൂചന നല്‍കിയത്. ‘ ഈ അധ്യായം കഴിഞ്ഞു. കഥ? അത് തുടരും. എല്ലാവരോടും നന്ദി’ എന്നായിരുന്നു താരം കുറിച്ചത്. സൗദി പ്രോ ലീഗ് സീസണിലെ അല്‍ നസറിന്റെ അവസാന മത്സരത്തില്‍ ഗോളടിച്ചതിന് പിന്നാലെയാണ് താരത്തിന്റെ കുറിപ്പ്.
കളിയില്‍ റോണാള്‍ഡോ ഗോളടിച്ചെങ്കിലും 3–2 ന് അല്‍ ഫത്താ, അല്‍ നസറിനെ പരാജയപ്പെടുത്തി.
താരം ഇനിയെങ്ങോട്ടെന്ന ആകാംക്ഷയാണ് പോസ്റ്റിന് ചുവടെ ആളുകള്‍ പങ്കുവയ്ക്കുന്നത്. അല്‍ നസറുമായുള്ള താരത്തിന്റെ കരാര്‍ ജൂണ്‍ 30നാണ് അവസാനിക്കുക
അല്‍ നസറിനായി 111 തവണ ഇറങ്ങിയ താരം 99 ഗോളുകളും നേടി. പക്ഷേ പറയത്തക്ക കിരീടനേട്ടം ഒന്നുമില്ലാതെയാണ് അല്‍നസര്‍ കാലം അവസാനിപ്പിക്കുന്നത്.
രണ്ടര വര്‍ഷം നീണ്ട കാലയളവില്‍ ടീമിന് നേട്ടങ്ങളില്ലാതിരുന്നതും ക്ലബ് വിടാനുള്ള താരത്തിന്റെ തീരുമാനത്തിന് ബലമേകിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോണോ ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രചരിച്ചിരുന്നു
യുഎസില്‍ അടുത്ത് നടക്കാനിരിക്കുന്ന ഫിഫ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ പങ്കെടുക്കുമെന്ന ഫിഫ പ്രസിഡന്റ് ജിയാനിയുടെ വാക്കുകളും ഈ അഭ്യൂഹങ്ങള്‍ക്ക് കനമേകി.
ടൂര്‍ണമെന്റിന് യോഗ്യത നേടിയ 32 ക്ലബുകളുടെ കൂട്ടത്തില്‍ അല്‍ നസര്‍ ഇല്ലാതിരിക്കെ ജൂണില്‍ താരം എങ്ങനെ കളിക്കുമെന്നതായിരുന്നു ക്ലബ് മാറ്റമുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചതിന് കാരണം. ഇന്റര്‍മിയാമിക്കായി ഉദ്ഘാടന മല്‍സരത്തില്‍ മെസി കളിക്കുമെന്നും റൊണാള്‍ഡോയും ഒരു ടീമിനൊപ്പം കാണുമെന്നും ക്ലബ് വേള്‍ഡ് കപ്പിന്റെ ഭാഗമാകുമെന്നുമായിരുന്നു ജിയാനിയുടെ വെളിപ്പെടുത്തല്‍
Highlights: This chapter is over; the story will continue: Cristiano leaving Al Nasr