ഗൂഗിൾ ജെമിനൈക്ക് വിട ! സാംസങ് ഫോണുകളിലും ബ്രൗസറിലും Perplexity AI താമസിയാതെ എത്തും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് സുപ്രധാനമായ നീക്കത്തിനരികിലാണ് സാംസങ്. സാംസങ്ങിന്റെ ഭാവി സ്മാര്‍ട്‌ഫോണുകളില്‍ പെര്‍പ്ലെക്‌സിറ്റി എഐ സന്നിവേശിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് കമ്പനിയെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പ് ആയ പെര്‍പ്ലെക്‌സിറ്റിയുടെ എഐ മോഡലുകള്‍ ഏറെ മുൻപന്തിയിലാണ്.
സാംസങ്ങും പെര്‍പ്ലെക്‌സിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കണ്ടാല്‍, സാംസങ്ങിന്റെ ഭാവി സ്മാര്‍ട്‌ഫോണുകളില്‍ ഗൂഗിള്‍ ജെമിനൈക്ക് പകരം പെര്‍പ്ലെക്‌സിറ്റി എഐയ്ക്കായിരിക്കും സ്ഥാനം. ബ്രൗസര്‍, ബിക്‌സ്ബി വിര്‍ച്വല്‍ അസിസ്റ്റന്റ്, ഓപ്പറേറ്റിങ് സിസ്റ്റം ഉള്‍പ്പടെയുള്ള സുപ്രധാനമായ മേഖലകളില്‍ പെര്‍പ്ലെക്‌സിറ്റി എഐയുടെ കഴിവുകള്‍ ഉള്‍പ്പെടുത്താനാണ് സാംസങ്ങിന്റെ പദ്ധതി. 2026-ല്‍ പുറത്തിറങ്ങാനിടയുള്ള ഗാലക്‌സി എസ്26 സീരീസില്‍ പെര്‍പ്ലെക്‌സിറ്റി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചര്‍ച്ചകളില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.
സാംസങ്ങിന്റെ എഐ നയത്തില്‍ വലിയൊരു മാറ്റത്തിനാവും ഈ നീക്കം തുടക്കമിടുക. നിലവില്‍ സാംസങ് ഫോണുകളിലെ ഗാലക്‌സി എഐ ഫീച്ചറുകള്‍ക്ക് വേണ്ടി കമ്പനി ആശ്രയിക്കുന്നത് ഗൂഗിളിന്റെ ജെമിനൈ എഐയെ ആണ്. പെര്‍പ്ലെക്‌സിറ്റിയുമായി പങ്കാളിത്തത്തിലായാല്‍ ഗൂഗിളിനെ ആശ്രയിക്കുന്നത് കുറയും. അതേസമയം, പെര്‍പ്ലെക്‌സിറ്റിയും മോട്ടോറോളയും ഇതിനകം എഐ അസിസ്റ്റന്റ് സൗകര്യത്തിന് വേണ്ടിയുള്ള കരാറിലെത്തിയിട്ടുണ്ട്. മോട്ടോറോളയുടെ റേസര്‍ 60, റേസര്‍ 60 അള്‍ട്ര മോഡലുകളിലെ എഐ അസിസ്റ്റന്റിന് ശക്തിപകരുന്നത് പെര്‍പ്ലെക്‌സിറ്റിയാണ്.
ഈ വര്‍ഷം ആദ്യം ആരംഭിച്ച സാംസങ്ങും പെര്‍പ്ലെക്‌സിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. കേവലം എഐ സോഫ്റ്റ് വെയറിന് വേണ്ടിയുള്ള പങ്കാളിത്തം എന്നതിന് പുറമെ, പെര്‍പ്ലെക്‌സിറ്റിയിലെ പ്രധാനപ്പെട്ട നിക്ഷേപകരായും സാംസങ് മാറിയേക്കും. സാംസങ്ങിന്റെ നിക്ഷേപ വിഭാഗമായ സാംസങ് നെക്സ്റ്റ് 2024 മുതല്‍ തന്നെ പെര്‍പ്ലെക്‌സിറ്റിയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്.
ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനും പെര്‍പ്ലെക്‌സിറ്റി എഐയില്‍ താത്പര്യമുണ്ട്. സിരിയ്ക്ക് വേണ്ടി ഗൂഗിളിനും ഓപ്പണ്‍ എഐയ്ക്കും പകരമായി പെര്‍പ്ലെക്‌സിറ്റി ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ആപ്പിള്‍ സെര്‍വീസസ് മേധാവി എഡ്ഡി ക്യൂ വെളിപ്പെടുത്തി.
Highlights: Perplexity AI coming soon to Samsung phones and browsers