ഇന്ത്യയിലെ എ.ഐ വ്യാപനം; റിലയന്‍സ് ജിയോയുമായി ചര്‍ച്ച നടത്തി ഓപ്പണ്‍എഐയും മെറ്റയും
ന്യൂഡല്‍ഹി ( New Delhi): ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (AI) സേവനം ഉറപ്പിക്കാന്‍ റിലയന്‍സ് ജിയോയുമായി ഓപ്പണ്‍എഐയും മെറ്റയും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് എ.ഐ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഇരുസ്ഥാപനങ്ങളും വ്യത്യസ്ത ചര്‍ച്ചകളാണ് ജിയോയുമായി നടത്തിയത്.
ജിയോ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഓപ്പണ്‍എഐ ചര്‍ച്ച നടത്തിയത്. നിലവില്‍ ചാറ്റ്ജിപിടി സബ്സ്ക്രിപ്ഷന് ഫീ 20 യു.എസ് ഡോളറാണ്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ സബ്സ്ക്രിപ്ഷന് ഫീ 20 യു.എസ് ഡോളറില്‍ നിന്ന് കുറയ്ക്കുമെന്നാണ് വിവരം.
ഇക്കാര്യം ചര്‍ച്ചയില്‍ ഉന്നയിച്ചോ എന്ന് വ്യക്തമല്ലെന്ന് ടെക്നോളജി ന്യൂസ് വെബ് സൈറ്റായ ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗുജറാത്തിലെ ജാംനഗറില്‍ ജിയോ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന മൂന്ന് ഗിഗാവാട്ട് ഡാറ്റ സെന്ററില്‍ മെറ്റ-ഓപ്പണ്‍എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ചും കമ്പനികള്‍ ചര്‍ച്ച ചെയ്തു.
അതേസമയം റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ പ്രതികരിക്കാന്‍ മെറ്റയും ഓപ്പണ്‍എഐയും ഇതുവരെ തയ്യാറായിട്ടില്ല.
ഓപ്പണ്‍എഐ കുറഞ്ഞ ചെലവിലുള്ള സബ്സ്ക്രിപ്ഷന് അവതരിപ്പിക്കുകയാണെങ്കില്‍ അത് ഇന്ത്യയിലെ പുതിയ സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും.
ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധയിട്ടിരിക്കുന്നത്. പ്രമുഖ അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയയില്‍ നിന്ന് റിലയന്‍സ് എ.ഐ സെമികണ്ടക്ടറുകള്‍ വാങ്ങുമെന്നാണ് വിവരം.
2024 ഒക്ടോബറില്‍ റിലയന്‍സും എന്‍വിഡിയയും തമ്മില്‍ നടന്ന എ.ഐ ഉച്ചകോടിയില്‍ ഇന്ത്യയില്‍ എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കാന്‍ ശ്രമം നടത്തുമെന്ന് ഇരു കമ്പനികളും പ്രഖ്യാപിച്ചിരുന്നു. ഗിഗാവാട്ട് ഡാറ്റാ സെന്ററിനായി തങ്ങളുടെ ബ്ലാക്ക്വെല് എ.ഐ പ്രോസസറുകള്‍ വിതരണം ചെയ്യുമെന്നാണ് എന്‍വിഡിയ വാഗ്ദാനം ചെയ്തത്.
ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2024 സെപ്റ്റംബറില്‍ ഇന്ത്യയില്‍ എ.ഐ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിന് ശ്രമം നടത്തുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയയും പ്രഖ്യാപനം നടത്തിയിരുന്നു.
Highlights: AI expansion in India; OpenAI and Meta in talks with Reliance Jio