ഡോക്യുമെന്റ് നേരിട്ട് സ്‌കാൻ ചെയ്യാം, വീഡിയോ കോൾ സൂം ചെയ്യാം; അടിമുടി അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ചാറ്റിനും കോളിനും ഉപരി ഇന്ന് ബിസിനസ് സംരംഭങ്ങളുടെ സേവനങ്ങൾക്ക് അടക്കം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകളും മെറ്റ നൽകുന്നുണ്ട്. ചാറ്റ് മുതൽ വാട്‌സ്ആപ്പ് ചാനലിൽ വരെ അടിമുടി അപ്‌ഡേറ്റുകളാണ് കമ്പനി നടത്തിയിരിക്കുന്നത്.
ടെലഗ്രാം, ഡിസ്‌കോർഡ് പോലുള്ള ആപ്പുകളുമായിട്ടുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് പുതിയ അപ്‌ഡേറ്റുകൾ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിലവിൽ എത്രപേർ ഓൺലൈനിൽ ഉണ്ട് എന്നത് കാണിക്കുന്നതാണ് പുതിയ അപ്‌ഡേറ്റുകളിൽ ഒന്ന്. ഗ്രൂപ്പിൽ ചാറ്റിനായി ആ സമയത്ത് ആരൊക്കെയുണ്ടെന്ന് ഇതിലൂടെ എളുപ്പം മനസിലാക്കാം.
ഗ്രൂപ്പുകളിലെ നേട്ടിഫിക്കേഷനുകൾ ഹൈലൈറ്റ് ചെയ്ത് വെക്കാനും സാധിക്കും. ‘Notify for’ എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് വരുന്ന മെൻഷനുകളും സന്ദേശങ്ങൾക്ക് റിപ്ലൈ ചെയ്യുന്നസമയത്തും ഫോണിൽ സേവ് ചെയ്ത കോൺടാക്റ്റിൽ നിന്നുള്ള മെസേജുകൾ എന്നിങ്ങനെ വിവിധ രീതിയിൽ നോട്ടിഫിക്കേഷനെ വേർതിരിച്ച് എടുക്കാൻ സാധിക്കും. ഇതിനായി ‘Highlights’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ എല്ലാ അറിയിപ്പുകളും ലഭിക്കാൻ ‘All’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം.
വൺ ടു വൺ ചാറ്റുകളിലും ഇനി മുതൽ ഇവന്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള സംവിധാനമാണ് പുതുതായി ഉൾപ്പെടുത്തിയ മറ്റൊരു സവിശേഷത. നിലവിൽ ഗ്രൂപ്പ് ചാറ്റുകളിൽ ഇവന്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ആർഎസ് വിപി ഓപ്ഷനിൽ മേ ബീ എന്ന പുതിയ ഓപ്ഷനാണ് ചേർത്തിരിക്കുന്നത്. ഇവന്റുമായി ബന്ധപ്പെട്ട് കൂടുതതൽ വിവരങ്ങളും വാട്‌സ്ആപ്പ് കോൾ ലിങ്കും കൂടുതലായി ചേർക്കാനുള്ള ഓപ്ഷനും പുതിയ അപ്‌ഡേറ്റിൽ ഉണ്ട്. ഐഫോണുകളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്കായി പ്രത്യേകമായ അപ്‌ഡേറ്റുകളും വാട്‌സ്ആപ്പ് അനുവദിക്കുന്നുണ്ട്.
ഐഫോണിൽ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും അയയ്ക്കാനുമുള്ള ഓപ്ഷനാണ് പുതുതായി ഉൾപ്പെടുത്തിയ ഒന്ന്. ഉപയോക്താക്കൾ അറ്റാച്ച്മെന്റ് ഓപ്ഷനുകളിൽ നിന്ന് ‘സ്‌കാൻ ഡോക്യുമെന്റ്’ തിരഞ്ഞെടുത്ത് ഡോക്യുമെന്റ് സ്‌കാൻ ചെയ്യാനും ക്രോപ്പ് ചെയ്യാനും സേവ് ചെയ്യാനുമുള്ള ഓപ്ഷൻ ഉണ്ടാവും.
ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ വാട്ട്സ്ആപ്പ് അവരുടെ ഡിഫോൾട്ട് മെസേജിംഗ്, കോളിംഗ് ആപ്പായി സജ്ജമാക്കാൻ കഴിയും. കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ വീഡിയോ സൂം ഇൻ ചെയ്യാനും ഐഫോൺ ഉപയോക്താക്കൾക്ക് കഴിയും.
ഇത് കൂടാതെ വാട്‌സ്ആപ്പ് ചാനലുകൾക്കും മൂന്ന് പുതിയ അപ്‌ഡേറ്റുകൾ മെറ്റ നൽകുന്നുണ്ട്. ചാനലുകളിൽ ഇനി മുതൽ അഡ്മിൻസിന് ചെറിയ വീഡിയോകൾ അയക്കാൻ സാധിക്കും ഇതിന് പുറമെ വോയ്‌സ് മെസേജുകളുടെ ടെക്സ്റ്റ് സമ്മറി കാണാനും ചാനലിലേക്കുള്ള പ്രത്യേക ക്യുആർകോഡ് നിർമിച്ച് അത് ഉപയോക്താക്കൾക്ക് പങ്കുവെക്കാനും പുതിയ അപ്‌ഡേറ്റുകളിൽ സാധിക്കും.
Highlights: WhatsApp new updates group chats, events, calls and channels