വീണ്ടും മാനത്ത് ചരിത്രമെഴുതി ഐഎസ്ആര്‍ഒ; രണ്ടാം സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണവും വിജയം
ബെംഗളൂരു(Bengaluru): ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് (SPADEX) ഡോക്കിംഗ് പരീക്ഷണവും വിജയം. കാത്തിരിപ്പ് അവസാനിപ്പിച്ച് ബഹിരാകാശത്ത് വച്ച് സ്പെഡെക്സ് ഉപഗ്രഹങ്ങൾ വീണ്ടും ഒത്തുചേർന്നു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രൊയുടെ പരീക്ഷണമാണ് സ്പേഡെക്സ് എന്നറിയപ്പെടുന്നത്. 2025 ജനുവരി 16നായിരുന്നു ഈ രണ്ട് ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ് ഐഎസ്ആര്‍ഒ വിജയിപ്പിച്ചത്. ഇതിന് ശേഷം മാര്‍ച്ച് 13ന് ഉപഗ്രഹങ്ങളെ വേർപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്പേഡെക്സ് ഉപഗ്രഹങ്ങളെ ഇസ്രൊ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഈ ഉപഗ്രഹങ്ങളുടെ അടുത്ത പരീക്ഷണം രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ നടക്കും.
2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി-സി60 (PSLV-C60) റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തില്‍ എസ്‌ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ഈ സാറ്റ്‌ലൈറ്റുകളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയും ഊര്‍ജ്ജക്കൈമാറ്റം നടത്തുകയും വേര്‍പെടുത്തുകയുമാണ് സ്പേഡെക്സ് ദൗത്യത്തില്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. 2025 ജനുവരി 16ന് രാജ്യത്തിന്‍റെ ചരിത്രത്തിലെ കന്നി സ്പേസ് ഡോക്കിംഗ് ഐഎസ്ആര്‍ഒ വിജയകരമായി നടത്തിയിരുന്നു. അന്ന് കൂട്ടിച്ചേര്‍ത്ത SDX 01 (ചേസർ), SDX 02 (ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളെ പിന്നീട് വിജയകരമായി ബഹിരാകാശത്ത് വച്ച് വേര്‍പ്പെടുത്തി. ഇപ്പോള്‍ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളെ വീണ്ടും ഡോക്ക് ചെയ്തു. ഐഎസ്ആര്‍ഒയ്ക്ക് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍ എന്ന സ്വപ്ന ദൗത്യങ്ങള്‍ക്ക് നിര്‍ണായകമാണ് ഈ ഡോക്കിംഗ് ആന്‍ഡ് ഡീ-ഡോക്കിംഗ് സാങ്കേതികവിദ്യ.
ഇന്ത്യയുടെ കന്നി ബഹിരാകാശ ഡോക്കിംഗ് പരീക്ഷണ പദ്ധതിയാണ് സ്പേഡെക്സ്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്ന് വളരെ സങ്കീര്‍ണമായി സംയോജിപ്പിക്കുക ഇസ്രൊയ്ക്ക് ആദ്യ ഘട്ടത്തില്‍ കനത്ത വെല്ലുവിളിയായിരുന്നു. ഡോക്കിംഗിനുള്ള ആദ്യ മൂന്ന് ശ്രമങ്ങളും വിജയമായില്ലെങ്കിലും നാലാം പരിശ്രമത്തില്‍ എല്ലാ പിഴവുകളും പരിഹരിച്ച് ഐഎസ്ആര്‍ഒ സ്പേസ് ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കി 2025 ജനുവരി 16ന് റെക്കോര്‍ഡിടുകയായിരുന്നു. ഐഎസ്ആര്‍ഒയുടെ ഡോക്കിംഗ് പരീക്ഷണ വിജയത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു.
Highlights: ISRO writes history again in space; Second SpaceX docking