അല്‍ക്കാടെല്‍ സ്മാർട്ട്ഫോണുകള്‍ വീണ്ടും ഇന്ത്യയിലേക്ക്
ഏഴ് വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ഫ്രഞ്ച് കമ്പനിയായ അല്‍ക്കാടെല്‍. അല്‍ക്കാടെലിന്റെ ഏറ്റവും പുതിയ വി3 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ 2025 മെയ് 27-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മൂന്ന് വേരിയന്റുകളുള്ള സീരീസാണിതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അല്‍ക്കാടെല്‍ വി3 അള്‍ട്രയ്‌ക്കൊപ്പം, വി3 പ്രോ, വി3 ക്ലാസിങ് എന്നീ മോഡലുകളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റൈലസ് ഉപയോഗിക്കാനുള്ള സൗകര്യവും ട്രിപ്പിള്‍ റിയര്‍ ക്യാമറയും ഫോണിനുണ്ടാകുമെന്ന് കമ്പനി മേധാവി മാധവ് ഷേത്ത് പുറത്തുവിട്ട ടീസര്‍ ഇമേജില്‍ നിന്ന് വ്യക്തമാണ്. നെക്സ്റ്റ്ക്വാണ്ടം ഒഎസ് ആയിരിക്കും ഫോണില്‍ ഉണ്ടാവുക. ഫ്ലിപ്കാർട്ടിലൂടെയായിരിക്കും ഫോണിന്റെ വില്‍പന നടക്കുന്നത്. ഡിക്‌സണ്‍ ടെക്നോളജീസ് ഇന്ത്യാ ലിമിറ്റഡിന്റെ ഫാക്ടറിയിലാണ് അല്‍ക്കാടെല്‍ സ്മാർട്ട്ഫോണുകളുടെ ഉൽപ്പാദനം നടക്കുക. 2000 ന്റെ തുടക്കത്തില്‍, ഫീച്ചര്‍ ഫോണുകളുമായി ഇന്ത്യയിലെത്തിയതാണ് അല്‍ക്കാടെല്‍. പിന്നീട് ചൈനീസ് കമ്പനിയായ ടിസിഎല്‍ കമ്മ്യൂണിക്കേഷനുമായി പങ്കാളിത്തത്തിലായി 2011 ലാണ് ടിസിഎല്ലിന് കീഴില്‍ അല്‍ക്കാടെല്‍ ബജറ്റ് ആന്‍ഡ്രോയിഡ് സ്മാർട്ട്ഫോണുകള്‍ ഇന്ത്യയിലെത്തിയത്.
2015-18 കാലഘട്ടങ്ങളില്‍ 4ജി ഫോണുകളും അവതരിപ്പിച്ചു. 2018 ന് ശേഷമാണ് അല്‍ക്കാടെല്‍ സ്മാർട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിൻവലിഞ്ഞുതുടങ്ങിയത്. പിന്നീട് ഏഴ് വര്‍ഷക്കാലം അല്‍ക്കാടെല്‍ പുതിയ ഫോണുകളൊന്നും ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നില്ല. ചൈനീസ് ബ്രാന്‍ഡായ റിയല്‍മിയെ ഇന്ത്യയില്‍ പ്രധാന സ്മാർട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തിയ വ്യക്തിയാണ് മാധവ് ഷേത്ത്. പിന്നീട് റിയല്‍മി വിട്ട മാധവ് ഷേത്ത് ഓണര്‍ എന്ന സ്മാർട്ട്ഫോണ്‍ ബ്രാന്‍ഡിലേക്ക് മാറി.
2021 ല്‍ ഇന്ത്യ വിട്ട ഓണറിനെ ഇന്ത്യയില്‍ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ മാധവ് ഷേത്ത് ആരംഭിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. മാധവ് ഷേത്ത് സഹസ്ഥാപകനായ നെക്സ്റ്റ് സെല്‍ ഇന്ത്യ (Nxtcell India) എന്ന കമ്പനിക്കാണ് ഇപ്പോള്‍ ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും ‘അല്‍ക്കാടെല്‍’ബ്രാന്‍ഡ് ഉപയോഗിക്കാനുള്ള അനുമതിയുള്ളത്. നെക്‌സ്റ്റ് സെല്‍ ഇന്ത്യയുടെ സഹോദരസ്ഥാപനമായ നെക്സ്റ്റ് ക്വാണ്ടം ഷിഫ്റ്റ് ടെക്‌നോളജീസിന്റെ നേതൃത്വത്തിലാണ് അല്‍ക്കാടെല്‍ ബ്രാന്റിനെ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
Highlights: Alcatel smartphones are back in India