ഗൂഗിളിന്റെ ഭാവി നിര്‍മിതബുദ്ധിയില്‍; പുതിയ പ്രഖ്യാപനങ്ങളുമായി കമ്പനി
ഈ വര്‍ഷത്തെ ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഔദ്യോഗികമായി ആരംഭിച്ചു. ഉദ്ഘാടന ദിനത്തിലെ മുഖ്യപ്രഭാഷണ പരിപാടി മുഴുവന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടതായിരുന്നു. എഐ രംഗത്ത് ഗൂഗിള്‍ ഒട്ടും പിന്നിലല്ലെന്നും മറിച്ച് മുന്‍ഗാമികളാണെന്നും വിളിച്ചുപറയുന്നതായിരുന്നു സിഇഒ സുന്ദര്‍ പിച്ചൈയുടെ പ്രസംഗം. ‘എഐ പ്ലാറ്റ്‌ഫോം മാറ്റത്തിന്റെ ഒരു പുതിയ ഘട്ടത്തിലാണ് നമ്മള്‍. പതിറ്റാണ്ടുകളുടെ ഗവേഷണം ഇപ്പോള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും ബിസിനസുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.’ പിച്ചൈ പറഞ്ഞു.
ഒരു കൂട്ടം പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്. അക്കൂട്ടത്തില്‍ ചലച്ചിത്ര നിര്‍മ്മാണം, എഐ കോഡിങ് ഏജന്റ്, 3ഡി വീഡിയോ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ് ഫോം എന്നിവയും ഉള്‍പ്പെടുന്നു. നിലവിലുള്ള എഐ മോഡലുകള്‍ കമ്പനി അപ്‌ഗ്രേഡ് ചെയ്തതിനൊപ്പം ജെമിനൈ 2.5 ഫ്ലാഷ്, പ്രോ, ഇമേജന്‍ 4, വിയോ 3, ലിറിയ 2, സെര്‍ച്ചിലെ എഐ മോഡ്, ഡീപ്പ് റിസര്‍ച്ച്. കാന്‍വാസ്, ജിമെയില്‍, ഗൂഗിള്‍ മീറ്റ് എന്നിവയും അപ്‌ഗ്രേഡ് ചെയ്തു. പുതിയ രണ്ട് എഐ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും ഗൂഗിള്‍ പ്രഖ്യാപിച്ചു.
ആഗോള തലത്തില്‍ പ്രതിമാസം 19.99 ഡോളര്‍ (ഏകദേശം 1710 രൂപ) നിരക്കില്‍ എഐ പ്രോ പ്ലാന്‍, നിലവില്‍ അമേരിക്കയിൽ മാത്രം ലഭ്യമാക്കിയ പ്രതിമാസം 249 ഡോളര്‍ (ഏകദേശം 21305 രൂപ) നിരക്കിലുള്ള എഐ അള്‍ട്ര പ്ലാന്‍ എന്നിവയാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് അധിഷ്ടിതമായ പരിപാടി നേരത്തെ നടത്തിയതിനാല്‍ ഇത്തവണത്തെ ഗൂഗിള്‍ I/O ല്‍ ആന്‍ഡ്രോയിഡുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. മറിച്ച് ആന്‍ഡ്രോയിഡ് എക്‌സ്ആര്‍ പിന്തുണയിലുള്ള സ്മാർട്ട് ഗ്ലാസ് കമ്പനി പരിചയപ്പെടുത്തി.
Highlights: Google’s future lies in artificial intelligence; The company has made new announcements